അയര്‍ലണ്ടിനായുള്ള ഏറ്റവും പുതിയ ദേശീയ വികസന പദ്ധതി (National Development Plan -NDP) പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്വതന്ത്ര ടിഡി Sean Canney എന്നിവര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ വച്ച് പദ്ധതി പ്രഖ്യാപനം നടത്തിയത്. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ രാജ്യത്തിന് ആവശ്യമായ വലിയ രീതിയിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് NDP-യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 275.4 ബില്യണ്‍ യൂറോയുടെ പദ്ധതികള്‍ 2035 വരെയുള്ള കാലയളവിലേയ്ക്കായി വിഭാവനം ചെയ്തിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി ഉണ്ടാവേണ്ട ദീര്‍ഘകാല അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് NDP. എല്ലാ വര്‍ഷവും അവതരിപ്പിക്കപ്പെടുന്ന സര്‍ക്കാര്‍ ബജറ്റില്‍ നിന്നും വ്യത്യസ്തമാണിത്. സാധാരണയായി നീണ്ട പട്ടികയായി നിരവധി പദ്ധതികളാണ് NDP-യില്‍ പ്രഖ്യാപിക്കാറുള്ളതെന്നും, എന്നാല്‍ ഇത്തവണ അത്തരമൊരു സമീപനം നടത്താനല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹൗസിങ്, ജലവിതരണം, ഊര്‍ജ്ജമേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടവ ഏതെല്ലാമാണെന്ന് നോക്കാം:
ഹൗസിങ്
2026 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഭവനമേഖലയ്ക്ക് മാത്രമായി 35.955 ബില്യണ്‍ യൂറോ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 28.775 ബില്യണ്‍ ഭവനനിര്‍മ്മാണത്തിന് മാത്രവും, 7.680 ബില്യണ്‍ വീടുകള്‍ക്കായുള്ള ജലവിതരണസംവിധാനത്തിന് വേണ്ടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭവനപ്രതിസന്ധിയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, സര്‍ക്കാരിന്റെ ലക്ഷ്യം 300,000 പുതിയ വീടുകള്‍ നിര്‍മ്മിക്കുക എന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയിലെ കമ്പനികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കുക. ഓരോ വര്‍ഷവും 12,000 വീടുകള്‍ സോഷ്യല്‍ ഹൗസിങ്ങിന് മാത്രമായി മാറ്റി വയ്ക്കുകയും ചെയ്യും.
ജലവിതരണം
NDP-ക്ക് പുറമെയുള്ളതടക്കം 12 ബില്യണ്‍ യൂറോയാണ് അടിസ്ഥാന ജലവിതരണ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പുതിയ വീടുകളുടെ നിര്‍മ്മാണം, സാമ്പത്തിക വളര്‍ച്ച, പ്രദേശികമായ വികസനം എന്നിവ ജലവിതരണ പദ്ധതികളില്‍ കൂടുതല്‍ തുക മുടക്കേണ്ടതുണ്ടെന്ന് അടിവരയിടുന്നതായി മാര്‍ട്ടിന്‍ പറഞ്ഞു.
പൊതുഗതാഗതവും റോഡുകളും
2026 മുതല്‍ 2030 വരെ ഗതാഗതമേഖലയ്ക്കായി 24.33 ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ടുള്ള ഗതാഗതസംവിധാനം രൂപപ്പെടുത്തലും ഇതില്‍ പെടും.
ഡബ്ലിനായി അണ്ടര്‍ഗ്രൗണ്ട് മെട്രോലിങ്ക് നിര്‍മ്മിക്കുമെന്നും പദ്ധതിയില്‍ പ്രഖ്യാപനമുണ്ട്. കൗണ്ടി ഡബ്ലിന്റെ വടക്ക്- തെക്ക് പ്രദേശങ്ങളെ തമ്മില്‍ റെയില്‍ വഴി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ഗതാഗത സംവിധാനമാണിത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍, സിറ്റി സെന്റര്‍, ഡബ്ലിന്‍ എയപോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം സ്‌റ്റോപ്പുകളുമുണ്ടാകും. 2005-ലാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും സാമ്പത്തികമാന്ദ്യം വന്നതോടെ പദ്ധതി വൈകുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2028 ആകാതെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധ്യതയുമില്ല.
ഇതിന് പുറമെ രാജ്യത്തെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുക, പൊതുഗതാഗത സംവിധാനം വിപുലീകരിക്കുക, റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങള്‍, ഗ്രീന്‍വേകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയും ഗതാഗതമേഖലാ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമേഖല
പുതിയ NDP പദ്ധതിയില്‍ 2026-2030 കാലഘട്ടത്തിലേയ്ക്ക് 9.25 ബില്യണ്‍ യൂറോയാണ് ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. 2021-2025 കാലത്തേയ്ക്ക് നീക്കിവച്ചിരുന്നത് 5.7 ബില്യണ്‍ യൂറോ ആയിരുന്നു. രാജ്യത്താകമാനം ആരോഗ്യമേഖലയെ മെച്ചപ്പെടുത്താന്‍ ഈ അധിക തുക സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആരോഗ്യരംഗത്തെ റെക്കോര്‍ഡുകളെല്ലാം ഡിജിറ്റലൈസ് ചെയ്യാനും ആരോഗ്യമന്ത്രി Jennifer Carroll MacNeill ഫണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥയും ഊര്‍ജ്ജവും
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്കായി 5.6 ബില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. ESB, EirGrid എന്നിവയില്‍ സര്‍ക്കാരിനുള്ള ഇക്വിറ്റി ഓഹരികള്‍ യഥാക്രമം 2 ബില്യണ്‍ യൂറോ, 1.5 ബില്യണ്‍ യൂറോ എന്നിങ്ങനെയാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് കമ്പനികളെ കൂടുതല്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കാനും, രാജ്യത്ത് വൈദ്യുതിവിതരണം വിപുലീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കേണ്ട കാര്യത്തില്‍ മറ്റ് പല രാജ്യങ്ങളും പിന്നോക്കം പോകുന്ന അവസ്ഥയാണെങ്കിലും അയര്‍ലണ്ട് അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഊര്‍ജ്ജമേഖലയില്‍ കൂടുതലായി നിക്ഷേപം നടത്തുന്നതും, വ്യത്യസ്ത ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രധാനമാണെന്നും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഭാവിയിലെ സാമ്പത്തികവികസനത്തിന്റെ അനന്ത സാധ്യതകള്‍ തേടേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഭവനപ്രതിസന്ധിക്കുള്ള പരിഹാരമായി ഊര്‍ജ്ജമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
പ്രതിരോധമേഖല
പ്രതിരോധമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ മുമ്പ് പലവട്ടം പറഞ്ഞിരുന്നു. അതിന് പിന്നാലെ NDP-യില്‍ 1.7 ബില്യണ്‍ യൂറോയാണ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കായി വകയിരുത്തിയിരിക്കുന്നത്. വര്‍ഷം 340 മില്യണ്‍ യൂറോ വീതമാണ് പ്രതിരേധത്തിനായി ചെലവിടുക. മുന്‍ പദ്ധതി പ്രകാരം 2025-ല്‍ ചെലവിടുന്നത് 125 മില്യണ്‍ മാത്രമാണ്.
പ്രൈമറി റഡാര്‍ സംവിധാനം, ആയുധ സജ്ജീകരണമുള്ള വാഹനങ്ങള്‍ എന്നിവയ്ക്കാണ് പ്രതിരോധമേഖല ആദ്യം പ്രധാന്യം കൊടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധമേഖലയെ ആധുനികവല്‍ക്കരിക്കുകയും, നവീകരിക്കുകയും ചെയ്യും.
എന്നാല്‍ കഴിഞ്ഞ NDP-യില്‍ പ്രഖ്യാപിക്കപ്പെട്ട Multi-role Vessel പദ്ധതിയെ പറ്റി ഇത്തവണ പ്രഖ്യാപനമൊന്നുമില്ല.