ഭക്ഷ്യ വിഷബാധയെ തുടർന്ന് അയർലണ്ടിൽ ഒരാൾ മരിച്ചതിനു പിന്നാലെ Ballymaguire Foods നിർമ്മിച്ച 201 റെഡി മീൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തി. ഭക്ഷണത്തിൽ listeria എന്ന ബാക്റ്റീരിയ ബാധിച്ചത് കാരണമാണ് ഇത് കഴിച്ച ആൾക്ക് മരണം സംഭവിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSAI) അറിയിച്ചു. ബാക്റ്റീരിയ കാരണം ഇദ്ദേഹത്തിന് listeriosis എന്ന അസുഖം പിടിപെടുകയായിരുന്നു. ഒൻപത് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചൂടാക്കിയ ശേഷം കഴിക്കാവുന്ന റെഡി മീൽ ഭക്ഷണത്തിൽ നിന്നാണ് ബാക്റ്റീരിയ ബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ National Outbreak Control സംഘം അന്വേഷണമരംഭിച്ചിട്ടുണ്ട്. Aldi, Tesco, Supervalu, Centra തുടങ്ങി മറ്റ് അനേകം ഇടങ്ങളിൽ Ballymaguire Foods-ന്റെ ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയ്ക്ക് ഇവ തിരിച്ചെടുക്കുന്നതായി കമ്പനി അറിയിച്ചു.
പനി, ഓക്കാനം, തലകറക്കം, വയറിളക്കം മുതലായവ ആണ് listeriosis ബാധിച്ചാലുള്ള ലക്ഷണങ്ങൾ. ചിലരിൽ കൂടുതൽ സങ്കീർണ്ണമായ രോഗബാധയും ഉണ്ടാവാം. ഗർഭിണികൾ, രോഗികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ എന്നിവരെ രോഗം കൂടുതലായി ബാധിച്ചേക്കാം. ബാക്റ്റീരിയ ഉള്ളിൽ എത്തിക്കഴിഞ്ഞാൽ ഏകദേശം മൂന്ന് ആഴ്ച മുതൽ 70 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
താഴെ പറയുന്ന ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഒരു കാരണവശാലും വാങ്ങരുതെന്നും, നേരത്തെ വാങ്ങി ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്നവർ അവ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.