രാജ്യത്ത് മൈഗ്രേറ്റഡ് കമ്മ്യൂണിറ്റിക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളിൽ പ്രതിഷേധിച്ച് അയർലണ്ടിലെ മൈഗ്രൈൻസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ച് ഇന്ന് . ഇന്ന് ഒരു മണിക്ക് ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളിച്ച ശേഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് നേഴ്സിങ് യൂണിയൻ ആയ INMO-യും MNI-യും പ്രമുഖ യൂണിയൻ ആയ യുണൈറ്റും, ടീച്ചേഴ്സ് യൂണിയനും അടക്കം നിരവധി യൂണിയനുകളും രാഷ്ട്രീയപാർട്ടികളും സാമൂഹിക സംഘടനകളും നിരവധി ടിഡിമാർ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. പ്രശസ്ത പാട്ടുകാരൻ ക്രിസ്റ്റീ മൂറിന്റെ വെരിഫൈഡ് ഫേസ്ബുക്ക് ഫാൻ പേജിലും മാർച്ചിനു പിന്തുണ നൽകിക്കൊണ്ട് പോസ്റ്റർ പോസ്റ്റു ചെയ്തു.
ക്രാന്തി അയർലണ്ട് മൈഗ്രന്റ് റൈറ്റ് സെന്റർ, സോഷ്യലിസ്റ്റ് വുമൺ മൂവ്മെന്റ്, യുണൈറ്റഡ് എഗയിൻസ്റ്റ് റേസിസം, ഡയസ്പ്പോറാ മൂവ്മെന്റ് മാറ്റർ, ബ്ലാക്ക് ആൻഡ് ഐറിഷ്, ആഫ്രിക്കൻ വുമൺ ഓർഗനൈസേഷൻ, വർക്കേഴ്സ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ്, സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾ ബീഫോർ പ്രോഫിറ്റ്, ലേബർ പാർട്ടി, സിൻ ഫിൻ തുടങ്ങിയവരാണ് മാർച്ചിനു പിന്തുണ പ്രഖ്യാപിച്ചത്.
താലായിലെ നിർഭാഗ്യകരമായ സംഭവം പുറംലോകത്തെ അറിയിച്ച ഡബ്ലിൻ സ്വദേശിനി ജെന്നിഫർ മുരയും മാർച്ചിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അയർലൻഡിൽ പ്രവർത്തിക്കുന്ന ക്രാന്തി അയർലൻഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
അതിനിടയിൽ കഴിഞ്ഞ ആഴ്ച താലയിൽ ഇന്ത്യക്കാരൻ വംശീയ ആക്രമണത്തിനാണ് ഇരയായത് എന്ന് ഗാർഡ സ്ഥിരീകരിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടത്തിവരികയാണ് എന്ന് ഗാർഡ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡബ്ലിനിൽ ഇന്നലെ രണ്ട് സമര പരിപാടികൾ നടന്നു.