‘അയർലണ്ട് ഞങ്ങളുടെയും വീടാണ്’; ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുമ്പിൽ വൻ ജനാവലി

ഡബ്ലിന്‍ താലയില്‍ ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടന്നു. ജൂലൈ 19 ശനിയാഴ്ചയാണ് താലയില്‍ Kilnamanagh-ലുള്ള Parkhill Road-ല്‍ വച്ച് കുട്ടികളോട് മോശമായി പെരുമാറിയെന്ന തെറ്റായ ആരോപണമുന്നയിച്ച് ഒരു സംഘമാളുകള്‍ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും, വസ്ത്രം വലിച്ചഴിപ്പിക്കുകയും ചെയ്തത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പുറമെ അയര്‍ലണ്ടില്‍ നിന്നുള്ളവരും, വിവിധ ട്രേഡ് യൂണിയനുകളും പങ്കെടുത്തുകൊണ്ട് ജൂലൈ 26 ശനിയാഴ്ച ഡബ്ലിന്‍ സിറ്റി ഹാളില്‍ നിന്നും, സിറ്റി സെന്ററില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. 800-ഓളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. നിരവധി സാമൂഹികപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും പ്രതിഷേധത്തിന്റെ ഭാഗമായി.

വംശീയതയ്‌ക്കെതിരെ ഒരുമിക്കാനും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയൊരുക്കാനും, അധികാരികള്‍ ശക്തമായ നടപടികള്‍ കൈള്ളൊള്ളാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ‘Say no to racism’, ‘All lives matter’, ‘Ireland is home’ തുടങ്ങിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

ഇന്ത്യക്കാരനെതിരായ ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ന്യൂനപക്ഷ സംരക്ഷണം ലക്ഷ്യമാക്കി 15,000 പേര്‍ ഒപ്പുവച്ച ഒരു ഓണ്‍ലൈന്‍ നിവേദനം നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan-ന് സമര്‍പ്പിച്ചിരുന്നു.

ആക്രമണം വംശീയമാണ് എന്ന് വ്യക്തമാക്കിയ ഗാര്‍ഡയ്ക്കും, ഇരയായ വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നല്‍കിയ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിക്കും പ്രതിഷേധക്കാര്‍ നന്ദിയറിയിച്ചു. ഇന്ത്യക്കാരനെതിരെ നടന്ന ആക്രമണത്തില്‍ കുടിയേറ്റസമൂഹമാകെ വളരെ രോഷാകുലരാണെന്നും, ഇത്തരത്തില്‍ നടക്കുന്ന അനവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണിതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സ്വന്തം മക്കളെ പുറത്തുവിടാന്‍ പോലും കുടിയേറ്റക്കാര്‍ ഭയക്കുന്നുവെന്നും അവര്‍ ആശങ്കയറിയിച്ചു.

അതേസമയം നീതിന്യായവകുപ്പ് കെട്ടിടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു കൂട്ടമാളുകള്‍ പ്രതിഷേധ സൂചകമായി ശാന്തമായ സംഗമവും നടത്തിയിരുന്നു.

അയര്‍ലണ്ടില്‍ ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ട്. രാജ്യത്തെ പ്രത്യേകിച്ചും ഐടി, ആരോഗ്യമേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം ഒഴിച്ചുകൂടാനാകാത്തതാണ്.

Share this news

Leave a Reply