ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഇന്നലെ വൈകിട്ട് സന്തോഷ് യാദവ് എന്ന യുവാവിനാണ് തന്റെ അപ്പാർട്ട്മെന്റ് പരിസരത്ത് വച്ച് ക്രൂരമായ വംശീയ ആക്രമണം നേരിടേണ്ടി വന്നത്.
താമസസ്ഥലത്തിന് അടുത്ത് വച്ച് സംഘം ചേർന്ന് വന്ന ഐറിഷുകാരായ ഏതാനും കൗമാരക്കാർ തന്നെ പിന്നിൽ നിന്നും ആക്രമിക്കുകയും, കണ്ണട പിടിച്ച് പറിച്ച് നശിപ്പിക്കുകയും, തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിൽ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തതായി യുവാവ് പറയുന്നു.
ആക്രമണത്തിൽ കവിളെല്ലിന് പരിക്കേറ്റ താൻ വിവരം ഗാർഡയെ അറിയിക്കുകയും, ആംബുലൻസിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിൽ എത്തി ചികിത്സ തേടി എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിനിലുടനീളം ബസുകളിലും, ഹൗസിംഗ് എസ്റ്റേറ്റുകളിലും, തെരുവുകളിലും ഇന്ത്യക്കാർക്കും, മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ, സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും, ഈ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യുവാവ് പങ്കുവച്ച പോസ്റ്റിൽ പരാതിപ്പെടുന്നു.
ഇന്ത്യൻ വംശജരുടെ സംരക്ഷണം ഉറപ്പാക്കാൻ അയർലണ്ട് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അഖിലേഷ് മിശ്ര എന്നിവരിൽ നിന്ന് കൃത്യമായ നടപടികൾ അഭ്യർത്ഥിക്കുന്നതായും യുവാവ് തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിൽ കുറിച്ചു.
യുവാവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇന്നലെ വൈകുന്നേരം, ഡബ്ലിനിലെ എന്റെ അപ്പാർട്ട്മെന്റിന് സമീപത്ത് വച്ച് ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ വംശീയ ആക്രമണം എനിക്ക് നേരിടേണ്ടി വന്നു.
അത്താഴം കഴിച്ച ശേഷം, എന്റെ അപ്പാർട്ട്മെന്റിന് സമീപം നടക്കുമ്പോൾ, ആറ് കൗമാരക്കാരടങ്ങുന്ന ഒരു സംഘം എന്നെ പിന്നിൽ നിന്ന് ആക്രമിച്ചു. അവർ എന്റെ കണ്ണട പിടിച്ചു പറിച്ച് തകർത്തു, തുടർന്ന് എന്റെ തല, മുഖം, കഴുത്ത്, നെഞ്ച്, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ നിരന്തരം അടിച്ചു – നടപ്പാതയിൽ രക്തം വാർന്ന നിലയിൽ എന്നെ ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു . ഞാൻ ഗാർഡയെ വിളിച്ചു, ആംബുലൻസിൽ എന്നെ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്റെ കവിളെല്ലിന് ഒടിവുണ്ടെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചു, ഇപ്പോൾ എന്നെ സ്പെഷ്യലിസ്റ്റ് പരിചരണത്തിനായി റഫർ ചെയ്തിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഡബ്ലിനിലുടനീളം ബസുകളിലും, ഹൗസിംഗ് എസ്റ്റേറ്റുകളിലും, പൊതു തെരുവുകളിലും ഇന്ത്യൻ പുരുഷന്മാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും, സർക്കാർ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അവർ സ്വതന്ത്രരായി വിചാരിക്കുന്നു, വീണ്ടും ആക്രമിക്കാൻ ധൈര്യപ്പെടുന്നു.
സുരക്ഷിതത്വം അനുഭവിക്കാൻ ഞങ്ങൾ അർഹരാണ്. ഭയമില്ലാതെ തെരുവുകളിൽ നടക്കാൻ ഞങ്ങൾ അർഹരാണ്. ഞങ്ങളെ സംരക്ഷിക്കാൻ അയർലൻഡ് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അഖിലേഷ് മിശ്ര എന്നിവരിൽ നിന്ന് ഞാൻ കൃത്യമായ നടപടികൾ അഭ്യർത്ഥിക്കുന്നു.