അയര്‍ലണ്ടില്‍ ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റൊരു ഭക്ഷ്യോല്‍പ്പന്നം കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authorty of Ireland (FSAI). Aldi-യുടെ Roast Chicken Basil Pesto Pasta ഉല്‍പ്പന്നത്തിലാണ് ആരോഗ്യത്തിന് അപകടകരമായ ബാക്ടീരിയ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം രാജ്യത്ത് Listeria monocytogenes അടങ്ങിയ ഭക്ഷണം കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ 150-ഓളം ബ്രാന്‍ഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഈയിടെ തിരിച്ചെടുത്തിരുന്നു. ഇതില്‍ 142 എണ്ണം Ballymaguire Foods നിര്‍മ്മിക്കുന്ന റെഡ് ടു ഈറ്റ് ഉല്‍പ്പന്നങ്ങളാണ്. McCormack Family Farms നിര്‍മ്മിക്കുന്ന ഏഴ് ഉല്‍പ്പന്നങ്ങളും കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.
FSAI തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണ പട്ടിക: https://www.fsai.ie/news-and-alerts/food-alerts/recall-of-various-branded-spinach-and-mixed-leaves
ഈ ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങിയിട്ടുള്ളവര്‍ അത് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും, തിരികെ നല്‍കിയാല്‍ പണം തിരികെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ ഉൾപ്പെടെയുള്ള പ്രതിരോധശേഷി കുറഞ്ഞവരിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് ശരാശരി മൂന്ന് ആഴ്ചയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് മൂന്ന് മുതൽ 70 ദിവസം വരെ നീണ്ടേക്കാം.