ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കുമെതിരെ ദിനംപ്രതിയെന്നോണം ആക്രമണങ്ങള്‍ നടക്കുന്നതായി Ireland India Council ചെയര്‍പേഴ്‌സണ്‍ പ്രശാന്ത് ശുക്ല. പ്രകോപനമേതുമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ എന്നിവര്‍ക്ക് കൗണ്‍സില്‍ കത്തയച്ചു.
താലയില്‍ ഇന്ത്യക്കാരനെ തെറ്റായ ആരോപണമുന്നയിച്ച് മര്‍ദ്ദിക്കുകയും, അര്‍ദ്ധനഗ്നനാക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെയാണ് ശക്തമായ നടപടിയാവശ്യപ്പെട്ട് അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഐറിഷ് വനിതകളുടെ ധീരമായി ഇടപെടലിലൂടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇദ്ദേഹത്തെ ആക്രമിച്ച അതേ സംഘം തന്നെയാകാം ഈയിടെയായി ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നടന്ന നാല് അക്രമങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് സംശയിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു.
വിദ്വേഷകുറ്റകൃത്യങ്ങള്‍ കൃത്യമായി കണ്ടെത്തുക, വിവിധ വകുപ്പുകള്‍ സംയുക്തമായി വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരുടെ അക്രമങ്ങള്‍ക്ക് രക്ഷിതാക്കളെ നിയമപരമായും, സാമ്പത്തികപരമായും ഉത്തരവാദികളാക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങളും കൗണ്‍സില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള ഇന്ത്യ-അയര്‍ലണ്ട് ബന്ധം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2002-ലാണ് ഐറിഷ് എക്കണോമിസ്റ്റ് പ്രൊഫസറായിരുന്ന ലൂയിസ് സ്മിത്തും, നിലവിലെ ചെയര്‍മാനായ പ്രശാന്ത് ശുക്ലയും ചേര്‍ന്ന് ‘ദി അയര്‍ലണ്ട് ഇന്ത്യ കൗണ്‍സിലിന്’ രൂപം നല്‍കിയത്.
അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് കാരണം ഇന്ത്യയില്‍ നിന്നെത്തിയവരാണ് എന്ന തെറ്റായ ആരോപണം പ്രചരിപ്പിക്കപ്പെടുന്നതായും, വംശീയ ആക്രമണം, അധിക്ഷേപം മുതലായവ സംബന്ധിച്ച് ദിവസവും രണ്ട് സംഭവങ്ങളെങ്കിലും തനിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നും പ്രശാന്ത് ശുക്ല പറയുന്നു. അയര്‍ലണ്ടിലെ ആരോഗ്യമേഖല, മറ്റ് വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യക്കാര്‍ കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച ശുക്ല, ഇവര്‍ക്ക് എതിരായ ഏത് തരം ആക്രമണവും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു. തീവ്ര ഇടതുപക്ഷവും, തീവ്രവലതുപക്ഷ വാദികളുമാണ് ഈ ആക്രമണങ്ങള്‍ക്കും, കുപ്രാചരണങ്ങള്‍ക്കും പിന്നിലെന്നും ശുക്ല വിശ്വസിക്കുന്നു.