സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം സംശയിച്ച് വിപണിയില്‍ നിന്നും ഏതാനും ടര്‍ക്കി ബര്‍ഗര്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 400 ഗ്രാം അളവിലുള്ള Hogan’s Farm Turkey Burgers ആണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ജൂലൈ 26-ന് കാലാവധി അവസാനിച്ചിരിക്കുന്ന ഉല്‍പ്പന്നമാണിത്. എങ്കിലും ചിലര്‍ ഇത് നേരത്തെ വാങ്ങി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കാമെന്നും, അവര്‍ ഒരു കാരണവശാലും ഇതുപയോഗിക്കരുതെന്നും FSAI മുന്നറിയിപ്പ് നല്‍കി.
സാല്‍മൊണെല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ 12 മുതല്‍ 36 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇത് 6 മുതല്‍ 72 മണിക്കൂര്‍ വരെയുമാകാം. വയറിളക്കം, തലവേദന, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത് ഏഴ് ദിവസം വരെ തുടര്‍ന്നേക്കാം. രോഗപ്രതിരോധ ശേഷി കുറവായവര്‍, വൃദ്ധര്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ രോഗം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.