അയർലണ്ടിൽ ഏറ്റവും കൂടുതൽ ജനനനിരക്ക് താലയിൽ; ഏറ്റവും കുറവ് മരണനിരക്ക് Blanchardstown-Mulhuddart-ലും

അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനനനിരക്ക് രേഖപ്പെടുത്തിയ ലോക്കൽ ഇലക്ടറൽ ഏരിയ ഡബ്ലിനിലെ താല ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) പുതിയ കണക്കുകള്‍. 2022-ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം താലയിലെ ഓരോ 1,000 പേര്‍ക്കും 13.7 കുഞ്ഞുങ്ങള്‍ വീതം എന്ന കണക്കിലാണ് ആ വര്‍ഷം ജനിച്ചത്.

മറുവശത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശം കൗണ്ടി ഡോണഗലിലെ Glenties ആണ്. ഓരോ 1,000 പേര്‍ക്കും 7.4 കുഞ്ഞുങ്ങള്‍ എന്ന നിലയിലാണ് 2022-ല്‍ ഇവിടുത്തെ ജനനിരക്ക്.

CSO റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ ജനനിരക്ക് 1,000 പേര്‍ക്ക് 10.2 എന്ന നിലയിലാണ്. ആകെ 54,483 കുട്ടികളാണ് ആ വര്‍ഷം ജനിച്ചത്.

അതേസമയം 2022-ല്‍ 15 പ്രദേശങ്ങളില്‍ ജനനിരക്കിനെക്കാള്‍ മരണങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇതാദ്യമായാണ് ഇത്രയും ലോക്കല്‍ ഇലക്ടറല്‍ ഏരിയകളില്‍ ജനനങ്ങളെക്കാള്‍ മരണങ്ങള്‍ കൂടുന്നത്. 2019-2021 കലാഘട്ടത്തില്‍ ഇത്തരത്തില്‍ മരണനിരക്ക് വര്‍ദ്ധിച്ച ഇലക്ടറല്‍ ഏരിയകള്‍ ശരാശരി മൂന്ന് മാത്രമായിരുന്നു.

1,000 പേരില്‍ 6.7 പേര്‍ എന്നതായിരുന്ന ദേശീയതലത്തില്‍ 2022-ലെ മരണനിരക്ക്. എന്നാല്‍ കൗണ്ടി മയോയിലെ Belmullet-ല്‍ ഇത് 11.5-ഉം, കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Enniscorthy-യില്‍ 11.1-ഉം, കൗണ്ടി മയോയിലെ തന്നെ Swinford-ല്‍ 10.7-ഉം ആയിരുന്നു. അതേസമയം 2022-ലെ മരണനിരക്ക് ഏറ്റവും കുറവ് Blanchardstown-Mulhuddart (2.8), Lucan (3.0), Swords (3.4), Maynooth (3.4) എന്നീ പ്രദേശങ്ങളിലാണ്.

2022-ലെ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 15-49 പ്രായക്കാരായ സ്ത്രീകളില്‍ 1,000 പേരില്‍ 42.3 എന്ന നിലയിലുമാണ്.

ജനന-മരണനിരക്കുകള്‍ കണക്കാക്കുന്നതിലൂടെയാണ് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയെ പറ്റി അധികൃതര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്.

Share this news

Leave a Reply