വാട്ടർഫോഡിൽ മലയാളി ദമ്പതികളുടെ മകളായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം; മർദ്ദിച്ചു, മുടിയിൽ പിടിച്ചു വലിച്ചു

വാട്ടർഫോഡിൽ മലയാളി ദമ്പതികളുടെ മകളായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 7.30-ഓടെ വീടിനു മുന്നിൽ കളിക്കുകയുയിരുന്ന നിയ എന്ന കുട്ടിയെ പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും, ഒരു പെൺകുട്ടിയും ഉൾപ്പെട്ട സംഘമാണ് വംശീയമായി അധിക്ഷേപിക്കുകയും, സ്വകാര്യ ഭാഗത്ത് സൈക്കിൾ കൊണ്ട് ഇടിക്കുകയും ചെയ്തതെന്ന് നിയയുടെ അമ്മ അനുപമ അച്യുതൻ പറഞ്ഞു. ഈ സമയം കുട്ടിയുടെ പിതാവ് നൈറ്റ്‌ ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു.

‘ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും, രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ’ എന്നും പറഞ്ഞും അക്രമികളായ ആൺകുട്ടികൾ ആക്രോശിച്ചു. നിയയുടെ മുഖത്തും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

അനുമപ അയർലൻഡിൽ നഴ്‌സാണ്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ താമസിച്ചുവരികയായിരുന്ന ഇവർ ഈയിടെ ഐറിഷ് പൗരത്വം നേടുകയും ചെയ്തിരുന്നു.

വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികൾക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞ് കരയുകയും കുഞ്ഞിന് പാൽ നൽകുന്നതിനായി ഇവർ അകത്തേയ്ക്ക് പോകുകയും ചെയ്തു. അൽപസമയത്തിനുള്ളിൽ പെൺകുട്ടി വീട്ടിലേയ്ക്ക് കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തുക്കളോട് ചോദിച്ചപ്പോഴാണ് വേറെ ചില കുട്ടികളിൽ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.

സംഭവത്തിന് ശേഷം മകൾ ആകെ പേടിച്ചു പോയെന്നും, പുറത്തുപോയി കളിക്കാൻ ഇപ്പോൾ ഭയമാണെന്നും അമ്മ പറയുന്നു.
സംഭവത്തെക്കുറിച്ച് ഗാർഡയ്ക്ക് പരാതി നൽകിയെങ്കിലും, ശിക്ഷയല്ല, ആക്രമികളായ കുട്ടികൾക്ക് . കൗൺസിലിംഗ്‌ നൽകുകയാണ് വേണ്ടത് എന്നും അനുപമ വ്യക്തമാക്കുന്നു.

ഡബ്ലിനിൽ ഈയിടെയായി രണ്ട് ഇന്ത്യൻ വംശജരായ പുരുഷന്മാർക്ക് നേരെ വംശീയ ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഈ സംഭവം.

Share this news

Leave a Reply