അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. കഴിഞ്ഞ 21 വര്‍ഷമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന ലക്ഷ്മണ്‍ ദാസ് എന്നയാളെയാണ് ബുധനാഴ്ച രാവിലെ സൈക്കിള്‍ സവാരിക്കിടെ ഒരു സംഘം ഡബ്ലിനില്‍ വച്ച് ആക്രമിക്കുകയും, കവര്‍ച്ച നടത്തുകയും ചെയ്തത്. രാവിലെ 4.30-ഓടെ Grand Canal-ന് സമീപത്തുകൂടെ സൈക്കിളില്‍ ജോലിക്ക് പോകുകയായിരുന്ന 51-കാരനായ ലക്ഷ്മണിനെ മുഖംമൂടി ധാരികളായ മൂന്ന് ചെറുപ്പക്കാര്‍ സമീപിക്കുകയും, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ് മൂടിപ്പിടിച്ച ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫോണ്‍, പണം, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ-ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു.
Docklands പ്രദേശത്തെ Marker Hotel-ല്‍ െഷഫ് ആയി ജോലി ചെയ്യുകയാണ് ലക്ഷ്മണ്‍ ദാസ്.ആക്രമണത്തില്‍ തനിക്ക് സാരമായി പരിക്കേല്‍ക്കുകയും, തലയ്ക്ക് സ്‌കാനിങ് വേണ്ടി വരികയും ചെയ്തതായി ലക്ഷ്മണ്‍ ദാസ് പറയുന്നു. ശരീരത്തില്‍ വേറെ പലയിടത്തും പരിക്കുകളുണ്ടായിട്ടുമുണ്ട്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പരിക്ക് ഗുരുതരമാകാതിരുന്നത്. St Vincent’s Hospital-ലാണ് ലക്ഷ്മണ്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കുടുംബം നിലവില്‍ ഇന്ത്യയില്‍ അവധിയാഘോഷിക്കാന്‍ പോയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ വംശജര്‍ക്കെതിരെ അയര്‍ലണ്ടില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി തിങ്കളാഴ്ച പ്രത്യേക കൂടിക്കാഴ്ചയും നടക്കും.