സുരക്ഷാ ആശങ്ക: ഞായറാഴ്ച്ച നടക്കാനിരുന്ന ഇന്ത്യാ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു

ഡബ്ലിന്‍: അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന്, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഈ ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന ഉത്സവവുമായി മുന്നോട്ട് പോകില്ലെന്ന് അയർലൻഡ് ഇന്ത്യാ കൗൺസിൽ പ്രഖ്യാപിച്ചു.

ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും , സാഹചര്യം അവലോകനം ചെയ്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഡ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് വളരെ ബുദ്ധിമുട്ടുള്ള ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

2015 മുതൽ എല്ലാ വർഷവും അയര്‍ലണ്ട് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്, പരിപാടിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടാകുന്നത് ഇതാദ്യമാണ്.

അതേ സമയം ഇന്ന് ഉച്ചകഴിഞ്ഞ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ്, ഞായറാഴ്ച ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടി മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു.

Share this news

Leave a Reply