അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 11-ന് നടക്കാനിരിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കളമൊരുങ്ങുന്നത്.
ഇന്ത്യക്ക് സമാനമായി രാജ്യത്തിന്റെ തലവന്‍ പ്രസിഡന്റ് ആണെങ്കിലും, പ്രധാന അധികാരങ്ങളെല്ലാം സര്‍ക്കാരിന് തന്നെ ആണ്. അതേസമയം പ്രസിഡന്റിന് മാത്രമായി ചില അധികാരങ്ങള്‍ ഉണ്ട് താനും. ഐറിഷ് പ്രതിരോധ സേനയുടെ പരമോന്നത കമാന്‍ഡര്‍ അടക്കം ഉള്ള അധികാരങ്ങള്‍ അതില്‍ പെട്ടതാണ്. അയര്‍ലണ്ടിന്റെ പ്രസിഡന്റ് Uachtarán na hÉireann എന്നും അറിയപ്പെടുന്നു.
ഐറിഷ് പ്രസിഡന്റിന്റെ അധികാരങ്ങള്‍ എന്തൊക്കെ?
ജനങ്ങള്‍ നേരിട്ടാണ് അയര്‍ലണ്ടില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഏഴ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
പ്രസിഡന്റിന് അധികാരങ്ങളുണ്ടെങ്കിലും അതില്‍ മിക്കതും സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടെയാണ് നടപ്പിലാക്കപ്പെടുന്നത്. പ്രധാനമനമന്ത്രിയെ നിയമിക്കല്‍, സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ നിയമിക്കല്‍, ജഡ്ജുമാരെ നിയമിക്കല്‍, പാര്‍ലമെന്റ് (Dail) വിളിച്ചു ചേര്‍ക്കലും, പിരിച്ചുവിടലും, Oireachtas വിളിച്ചുചേര്‍ക്കല്‍, പുതിയ നിയമം പാസാക്കാന്‍ അന്തിമമായി ഒപ്പിടുക, അല്ലെങ്കില്‍ ബില്‍ സുപ്രീം കോടതിയുടെ തീരുമാനത്തിന് വിടുക, അയര്‍ലണ്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുക, രാജ്യത്തെ പ്രതിരോധസേനയുടെ പരമോന്നത നേതാവായി പ്രവര്‍ത്തിക്കുക മുതലായവയാണ് പ്രസിഡന്റിന്റെ പ്രധാന അധികാരങ്ങളും, ഉത്തരവാദിത്തങ്ങളും.
പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റ് ആണെങ്കിലും Dáil Éireann അഥവാ പാര്‍ലമെന്റ് നിര്‍ദ്ദേശിക്കുന്ന ആളെയാണ് പ്രസിഡന്റ് പ്രധാനമന്ത്രിയായി അംഗീകരിക്കുക. മറ്റ് മന്ത്രിമാരെയും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും, പാര്‍ലമെന്റിന്റെ അംഗീകാരവും ലഭിച്ചാല്‍ മാത്രമേ പ്രസിഡന്റിന് നിയമിക്കാന്‍ സാധിക്കൂ. അതേസമയം പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിലെ ഭൂരിപക്ഷപിന്തുണ നഷ്ടമായാല്‍ പ്രസിഡന്റിന് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാവുന്നതാണ്. അതല്ലെങ്കില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായി അക്കാര്യം പ്രസിഡന്റിനോട് നിര്‍ദ്ദേശിക്കണം.
ആര്‍ക്കെല്ലാം മത്സരിക്കാം?
അയര്‍ലണ്ടിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ വേണ്ട യോഗ്യതകള്‍:
– ഐറിഷ് പൗരത്വം ഉണ്ടായിരിക്കണം
– കുറഞ്ഞ പ്രായം 35 വയസ്
– Oireachtas-ലെ 234 അംഗങ്ങളില്‍ 20 പേരുടെയെങ്കിലും പിന്തുണ
അല്ലെങ്കില്‍
31 കൗണ്ടി/സിറ്റി കൗണ്‍സിലുകളില്‍ നാല് എണ്ണത്തിന്റെ പിന്തുണ
അല്ലെങ്കില്‍
ഏഴ് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ പ്രസിഡന്റിന്/ നിലവിലെ പ്രസിഡന്റിന് സ്വന്തം പിന്തുണയോടെ മത്സരിക്കാം.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആരൊക്കെ?
പുതിയ ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ Oireachtas അംഗങ്ങളില്‍ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്:
Catherine Connolly (സ്വതന്ത്ര)- അഭിഭാഷക, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. 2016 മുതല്‍ ഗോള്‍വേ വെസ്റ്റ് ടിഡി.
Mairead McGuinness (Fine Gael)- മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റില്‍ നിന്നും 2014-2020 കാലഘട്ടത്തില്‍ എംഇപി. 2017-20-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ്, 2020-24-ല്‍ യൂറോപ്യന്‍ കമ്മീഷണര്‍.
അതേസമയം ഇവര്‍ക്ക് പുറമെ Peter Casey, Michael Flatley, Conoc McGregor, Gareth Sheridan എന്നിവരും സ്വതന്ത്രരായി മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് Oireachtas അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ല.
ഒപ്പം മുന്‍ പ്രധാനമന്ത്രി Bertie Ahern, മുന്‍ ഫുട്‌ബോള്‍ താരം Packie Bonner മുതലായ പേരുകള്‍ Fianna Fail-ന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് നോര്‍ത്ത് എംപിയായ John Finucane, Sinn Fein പ്രസിഡന്റ് മേരി ലൂ മക്‌ഡൊണാള്‍ഡ് എന്നിവരുടെ പേരുകളും Sinn Fein സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലും സ്ഥിരീകരണമില്ല. ഇവര്‍ക്കെല്ലാം പുറമെ David Hall, Declan Ganley, Tony Holohan മുതലായി നിരവധി സ്വതന്ത്രസ്ഥാനാര്‍ത്ഥികളും മത്സര രംഗത്തേയ്ക്ക് വവന്നേക്കാം.