അയര്‍ലണ്ടില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ജനങ്ങളോട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി Water Safety Ireland-ഉം Marine Rescue Coordination Centre (MRCC)-ഉം. തെളിഞ്ഞ ദിനങ്ങളില്‍ നീന്താന്‍ പോകുന്നതിനിടെ, പ്രത്യേകിച്ചും കൗമാരക്കാരാണ് അപകടത്തില്‍ പെടുന്നത്.
ഈ വര്‍ഷം ഇതുവരെ 51 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി മുങ്ങിമരിച്ചത്. മെയ് ആദ്യം മുതലുള്ള എട്ട് ആഴ്ചയ്ക്കിടെ ഏഴ് കുട്ടികള്‍ മരിക്കുന്ന സ്ഥിതിയുമുണ്ടായി.
നീന്താന്‍ പോകുമ്പോള്‍, കുട്ടികളായാലും മുതിര്‍ന്നവരായാലും ലൈഫ് ഗാര്‍ഡുകള്‍ ഉള്ള ജലാശയങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറയുന്നു. നീന്തുന്ന ബീച്ചുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള യെല്ലോ, റെഡ് ഫ്‌ളാഗുകള്‍ ശ്രദ്ധിക്കണം. റെഡ് ഫ്‌ളാഗിന് അപ്പുറത്തേയ്ക്ക് കടന്ന് നീന്തുന്നത് മുങ്ങിപ്പോകാന്‍ ഇടയാക്കിയേക്കാം. ഈ രണ്ട് നിറത്തിലുമുള്ള ഫ്‌ളാഗുകള്‍ക്ക് ഇടയിലെ പ്രദേശത്ത് നീന്തുന്നതാണ് സുരക്ഷിതം. ഒപ്പം നീന്തല്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണെന്നും ഉറപ്പാക്കണം.
നീന്തല്‍ നിരോധിക്കുകയോ, അപകടകരമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ ഒരു കാരണവശാലും നീന്താന്‍ പാടില്ല.
കുട്ടികളുമായി നീന്താന്‍ പോകുന്ന രക്ഷിതാക്കള്‍ സദാസമയവും അവരെ നിരീക്ഷിക്കണം.