കഴിഞ്ഞ വാരാന്ത്യം ഡബ്ലിനില്‍ വച്ച് കൗമാരക്കാരുടെ ആക്രമണം നേരിടേണ്ടി വന്ന ഇന്ത്യക്കാരന്‍ രാജ്യം വിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് 5.30-ഓടെ Fairview Park-ല്‍ വച്ചാണ് ഇന്ത്യക്കാരനായ യുവാവിനെ ഒരു കൂട്ടം കൗമാരക്കാര്‍ ആക്രമിക്കുകയും, വയറ്റില്‍ ചവിട്ടുകയും ചെയ്തത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നെറ്റി പൊട്ടുക അടക്കം സാരമായ പരിക്കും ഏറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് മുറിവില്‍ എട്ട് തുന്നലുകളും വേണ്ടിവന്നു.
അതേസമയം ആദ്യ ഘട്ടത്തില്‍ സംഭവം കണ്ടുനിന്ന ആരും തന്നെ സഹായിക്കാന്‍ എത്തിയില്ലെന്നും ഇദ്ദേഹം പറയുന്നു. പിന്നീട് രണ്ട് കൗമാരക്കാരാണ് സഹായത്തിനെത്തുകയും, ഗാര്‍ഡയെ വിവരമറിയിക്കുകയും ചെയ്തത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തുകയാണ്.
സംഭവത്തിന് ശേഷം താന്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ പുറത്ത് പോകാന്‍ മടിക്കുകയാണെന്നും, പലരും തിരികെ നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചതായും ആക്രമണത്തിന് ഇരയായ ചെറുപ്പക്കാരന്‍ പറയുന്നു. ഇദ്ദേഹവും വൈകാതെ തിരികെ ഇന്ത്യയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഇവിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇദ്ദേഹം തീസിസ് ഓണ്‍ലൈനായി തീര്‍ക്കാന്‍ അധികൃതരോട് അനുവാദം ചോദിച്ചിട്ടുമുണ്ട്.
ഡബ്ലിനിലെ ഇന്ത്യന്‍ എംബസി തന്നെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടതായും ഇദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും സംഭവം വിവരിച്ചുകൊണ്ട് ഒരു ഇമെയില്‍ അയയ്ക്കാന്‍ പറഞ്ഞതല്ലാതെ വേറെ മറുപടിയൊന്നും ലഭിച്ചില്ല.
ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്നത് ‘നികൃഷ്ടമായ’ ആക്രമണം: ഐറിഷ് പ്രസിഡന്റ്
ഈയിടെയായി ഇന്ത്യന്‍ സമൂഹത്തില്‍ പെട്ടവര്‍ക്ക് നേരെ അയര്‍ലണ്ടില്‍ നടക്കുന്ന ആക്രമണങ്ങള്‍ ‘നികൃഷ്ടമാണ്’ എന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്. അയര്‍ലണ്ടിനായി ചെയ്ത സംഭാവനകളുടെ കാര്യത്തില്‍ ഇന്ത്യക്കാരോട് തങ്ങള്‍ എന്നും നന്ദിയുള്ളവരാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. അയര്‍ലണ്ടിലെ ആരോഗ്യം, ബിസിനസ് അടക്കമുള്ള രംഗങ്ങളിലെ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം ഏറെ വിലമതിക്കുകന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.