ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.ഡബ്ലിനിലെ അൽസാ
സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ, അയർലൻഡിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന്റെ മണ്ണിനും സാധാരണക്കാർക്കും വേണ്ടി വി.എസ്. നടത്തിയ പോരാട്ടങ്ങളെ ചടങ്ങ് ഓർത്തെടുത്തു.
ക്രാന്തി പ്രസിഡന്റ് അനൂപ് ജോണായിരുന്നു അധ്യക്ഷൻ. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഓൺലൈനായി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരുടെ അവകാശങ്ങൾ
സംരക്ഷിക്കുന്നതിനുമാണ് വിഎസ് എന്നും മുൻഗണന നൽകിയതെന്ന് ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും എന്നും വഴികാട്ടിയായി വി.എസ്. ജ്വലിക്കുന്ന നക്ഷത്രമായി നിലകൊള്ളുമെന്ന് ടീച്ചർ പറഞ്ഞു.
ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന പ്രതിനിധികൾ വി.എസിന്റെ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. എ.ഐ.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവുമായ അഭിലാഷ് തോമസ്, ടി. കൃഷ്ണൻ (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്), സാൻജോ മുളവരിക്കൽ (ഒ.ഐ.സി.സി.), പ്രിൻസ് (കേരള കോൺഗ്രസ്-എം), വർഗീസ് ജോയ് (എം.എൻ.ഐ.), സൈജു തോമസ് (ഡബ്ല്യു.എം.എഫ്.), ജോജി എബ്രഹാം (മലയാളം), ലോക കേരള സഭാംഗങ്ങളായ ഷിനിത്ത് എ.കെ, ഷാജു ജോസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജിനു മല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സലാം കണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
വി.എസ് അച്യുതാനന്ദന്റെ ജീവിതവും രാഷ്ട്രീയ നിലപാടുകളും വർത്തമാനകാല സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
ക്രാന്തി സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി രതീഷ് സുരേഷ് നന്ദിയും പറഞ്ഞു.