ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ Fine Gael ടിക്കറ്റിൽ എംഇപി ആയ ഷോൺ കെല്ലിയോ, പാർട്ടിയുടെ മുൻ ഉപനേതാവായ ഹെതർ ഹംഫ്രിസോ മത്സരിച്ചേക്കും. ഇരുവരും കഴിഞ്ഞ ദിവസം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന Mairead McGuinness ആരോഗ്യ കാരണങ്ങളാൽ പിന്മാറിയതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ Fine Gael- ൽ വീണ്ടും ചർച്ച ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ മത്സര സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും Mairead McGuinness- ന്റെ പേര് ഉയർന്നു വന്നതോടെ ഷോൺ കെല്ലിയും, ഹെതർ ഹംഫ്രിസും പിന്മാറുകയായിരുന്നു.
അതേസമയം നിലവിൽ സ്വതന്ത്ര ടിഡി ആയ ഇടതുപക്ഷത്തിന്റെ Catherine Connolly-യുടെ സ്ഥാനാർത്ഥിത്വം മാത്രമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നിവരും, നിരവധി സ്വാതന്ത്ര ടിഡിമാരും Connolly-ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Fianna Fail, Sinn Fein എന്നീ പ്രമുഖ പാർട്ടികളും ഇതുവരെ പ്രസിഡന്റ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. സംരംഭകനായ Gareth Sheridan, മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റ് ഫൈറ്ററായ Conor McGregor, Riverdance താരം Michael Flatley തുടങ്ങിയവർ സ്വാതന്ത്രരായി മത്സരിക്കാൻ ശ്രമിക്കുന്നുമുണ്ട്. പ്രസിഡന്റ് സ്ഥാനാർത്ഥി ആയി അംഗീകരിക്കപ്പെടണമെങ്കിൽ Oireachtas-ലെ 234 അംഗങ്ങളില്‍ 20 പേരുടെയെങ്കിലും പിന്തുണയോ,
അല്ലെങ്കില്‍ 31 കൗണ്ടി/സിറ്റി കൗണ്‍സിലുകളില്‍ നാല് എണ്ണത്തിന്റെ പിന്തുണയോ ആവശ്യമാണ്.
സെപ്റ്റംബർ 2 വരെ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നവംബർ 11-ന് നിലവിലെ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ് സ്ഥാനം ഒഴിയുന്നതിനു മുമ്പായി തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.