ഈയിടെ പുറത്തുവന്ന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് പുറപ്പെടുവിക്കുന്ന പ്രസ്താവന
—-
അയർലണ്ടിലേക്ക് ഇന്ത്യ അടക്കമുള്ള, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി വലിയതോതിൽ റിക്രൂട്ട്മെന്റ് നടന്നു വരുന്നു. ആദ്യകാലഘട്ടം മുതൽ പലപ്പോഴും നിയമവിധേയമല്ലാതെയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവർത്തിക്കുന്നത് എന്ന പരാതികൾ ഉയർന്നിരുന്നു. അയർലണ്ടിലെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്ഷക്കണക്കിന് രൂപയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ നഴ്‌സുമാരിൽ നിന്ന് വാങ്ങിച്ചു വരുന്നത്. അയർലണ്ടിലെ നിയമങ്ങൾ അനുശാസിക്കുന്നത് നഴ്‌സുമാരിൽ നിന്ന് ഒരു യൂറോ പോലും റിക്രൂട്ട്മെന്റ് ഫീസായി വാങ്ങരുത് എന്നാണ്.
2020 നവംബറിൽ രൂപീകരണ ഘട്ടത്തിൽ തന്നെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നിയമവിരുദ്ധമായ റിക്രൂട്ട്മെന്റ് പ്രവണതകൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും അതിനെതിരെ ഐറിഷ് മാധ്യമമായ ദി ജേർണലിൽ സംഘടനയുടെ ഭാരവാഹികൾ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൂടാതെ ഒരു വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളിൽ നിന്നും യാതൊരു സാമ്പത്തിക സഹായമോ സ്പോണ്സർഷിപ്പോ സ്വീകരിക്കില്ല എന്നും സംഘടന തീരുമാനമെടുത്തു പാലിച്ചുപോരുന്നു.
നിയമവിരുദ്ധമായ റിക്രൂട്ടിട്മെന്റുകളെ നേരിടാനുള്ള പ്രധാന പരിമിതി നഴ്സുമാർ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു. ഇപ്പോൾ വാർത്തകളിൽ വന്ന റിക്രൂട്ട്മെന്റ് വിഷയത്തിലെ എല്ലാ പരാതിക്കാരെയും ആദ്യം മുതൽ സഹായിച്ചു വന്നതും അവരെ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ടുത്തിയതും അയർലണ്ടിലെ അധികാരികൾക്കും കേരളത്തിലെ പോലീസിലും ഒക്കെ പരാതിപ്പെടാൻ സഹായിച്ചതും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ആണ്. അതേസമയം ഇത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കോ ഏജന്റുമാർക്കോ
എതിരെയുള്ള നീക്കമല്ല മറിച്ചു ഈ മേഖലയിൽ കാര്യങ്ങൾ നിയമപരമായും സുതാര്യമായും നടക്കണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ്.
ഇപ്പോൾ പുറത്തുവന്ന പരാതി പോലെയോ അതിനേക്കാൾ മോശമായ രീതിയിലോ നടത്തപ്പെട്ട റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി റിക്രൂട്മെന്റുകൾ ഉണ്ട്.
മൈഗ്രന്റ് നഴ്‌സസിന് ലഭിച്ച റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു എല്ലാ പരാതികളും ട്രേഡ് യൂണിയൻ വഴിയും നേരിട്ടും അധികാരികൾക്ക് മുന്നിലെത്തിക്കുകയും അത് വഴി നഴ്സുമാർക്ക് നീതി ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കുറെ നാളുകൾക്കു മുൻപ് ഡബ്ലിനിൽ ഒരു മലയാളി നേഴ്സ് നൂറുകണക്കിന് നഴ്സുമാരെ തട്ടിപ്പിൽ പെടുത്തി ജയിലിൽ പോയ കേസിൽ നഴ്സുമാർക്ക് വേണ്ടി മുന്നിട്ടിറങ്ങുകയും അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ലഭിച്ച നൂറിലേറെ നഴ്സുമാർക്ക് വിസ ബാൻ നീക്കിക്കൊടുത്ത് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രവർത്തനഫലമായാണ്. കൂടാതെ ഇന്ത്യൻ എംബസി, നഴ്സിംഗ് ഹോം അയർലണ്ട് (NHI) തുടങ്ങിയ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാനും സംഘടനക്കായി. NHI-യുടെ സി ഇ ഒയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും സംഘടനയിൽ അംഗങ്ങളായ നഴ്സിംഗ് ഹോമുകളോട് ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം കൊടുക്കണം എന്നും സംഘടനയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു
നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യപ്പെട്ട എല്ലാ നഴ്സുമാരോടും കെയർ അസിസ്റ്റന്റുമാരോടും അതിന്റെ തെളിവുകൾ സഹിതം മൈഗ്രന്റ് നഴ്സസ് അയർലൻഡിന് പരാതി നൽകണമെന്ന് അഭ്യർഥിക്കുന്നു. അങ്ങനെ നൽകിയാൽ അത് ഏതു ഏജൻസി ആണെകിലും മുഖം നോക്കാതെ അവർക്കെതിരെ നടപടി എടുക്കാൻ സംഘടന സന്നദ്ധമാണ്. info@migrantnurses.ie എന്ന ഇമെയിലിൽ ആണ് സംഘടനയെ ബന്ധപ്പെടേണ്ടത്.
റിക്രൂട്ട്മെൻറ് രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഈ നീക്കത്തിൽ എല്ലാ വ്യക്തികളും സംഘടനകളും മൈഗ്രന്റ് നേഴ്സസ് അയർലൻഡിന് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു