നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വംശീയവിദ്വേഷ കുറ്റങ്ങള്‍ റെക്കോര്‍ഡില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024 ജൂലൈ 1 മുതല്‍ 2025 ജൂണ്‍ 30 വരെ 2,049 വംശീയവിദ്വേഷ സംഭവങ്ങളും (race incidents), 1,329 വംശീയകുറ്റകൃത്യങ്ങളും (race crimes) നടന്നിട്ടുള്ളതായാണ് Police Service of Northern Ireland (PSNI) കണക്കുകള്‍ വ്യക്തമാക്കുന്നത്. 2004-2005 കാലഘട്ടത്തില്‍ ഈ വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2024-25 കാലഘട്ടത്തില്‍ വംശീയകുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതിന് മുമ്പത്തെ 12 മാസങ്ങളെ അപേക്ഷിച്ച് വംശീയവിദ്വേഷ സംഭവങ്ങള്‍ 646-ഉം, വംശീയവിദ്വേഷ കുറ്റകൃത്യങ്ങള്‍ 434-ഉം വര്‍ദ്ധിച്ചു. 2024 ഓഗസ്റ്റ്, 2025 ജൂണ്‍ മാസങ്ങളിലുണ്ടായ വംശീയവിദ്വേഷ സംഭവങ്ങളുമായും, കലാപങ്ങളുമായും ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നത്.
2024 ഓഗസ്റ്റില്‍ ഇത്തരം 349 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, 2025 ജൂണില്‍ 345 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 20 വര്‍ഷത്തെനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുകളാണിവ.
2024-25 കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളില്‍ പകുതിയോളവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബെല്‍ഫാസ്റ്റ് പ്രദേശത്താണ്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയിരിക്കുകയാണെന്നും, വംശീയകുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ രീതിയിലുള്ള ഇടപെടലുകള്‍ വേണമെന്നും Amnesty International പ്രതികരിച്ചു. വംശീയതയ്ക്ക് ഇവിടെ ഇടമില്ലെന്നും Amnesty International-ന്റെ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഡയറക്ടായ Patrick Corrigan വ്യക്തമാക്കി.