Listeria monocytogenes എന്ന അപകടകരമായ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ഉല്‍പ്പന്നം കൂടി വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഈ ബാക്ടീരിയ സാന്നിദ്ധ്യത്തെ തുടര്‍ന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.
Fresh Choice Market Mixed Leaves-ന്റെ 100 ഗ്രാം പാക്കുകളാണ് കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ FSAI നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവ വാങ്ങരുതെന്നും, വാങ്ങിയവ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പനി, തലവേദന, വയറിന് അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം മുതലായവയാണ് Listeria monocytogenes ബാധിച്ചാലുള്ള രോഗലക്ഷണങ്ങള്‍. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെ രോഗം ഗുരുതരമായി ബാധിച്ചേക്കാം.
ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ സാധാരണയായി മൂന്നാഴ്ചയെടുത്താണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. എന്നാല്‍ ചിലരില്‍ ഇത് മൂന്ന് ദിവസം മുതല്‍ 70 ദിവസം വരെ വ്യത്യാസപ്പെട്ടിരിക്കും.