അയര്‍ലണ്ടില്‍ അനധികൃതമായി ടിവി സ്ട്രീമിങ് സര്‍വീസുകള്‍ നല്‍കിവരുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി Federation Against Copyright Theft (FACT). Kerry, Louth, Laois, Mayo, Donegal, Kilkenny, Wexford, Meath, Cavan എന്നീ കൗണ്ടികളിലെ 15 റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സ്‌കൈ ടിവിയുടെ പരാതി സംബന്ധിച്ച് അധികൃതര്‍ നടപടിയെടുത്തത്.
‘ഡോജ്ഡി ബോക്‌സുകള്‍’ എന്നറിയപ്പെടുന്ന ഉപകരണം വഴിയും മറ്റും അനധികൃതമായി ഉപഭോക്താക്കള്‍ക്ക് സ്ട്രീമിങ് സാധ്യമാക്കി നല്‍കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്തിരുന്നത്. സാധാരണ സബ്‌സ്‌ക്രിപ്ഷനെക്കാള്‍ നിരക്ക് കുറവാണ് എന്നതിനാല്‍ നിരവധി പേരാണ് ഇത്തരത്തില്‍ അയര്‍ലണ്ടില്‍ ഡോഡ്ജി ബോക്‌സുകള്‍ ഉപയോഗിക്കുന്നത്. ഇതാദ്യമായി രാജ്യത്ത് ഡോഡ്ജി ബോക്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നേരിട്ട് നടപടിയുണ്ടാകുന്നത്.
കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ ഇത്തരത്തില്‍ ഡോഡ്ജി ബോക്‌സ് ഉപയോഗിച്ച് അനധികൃതമായി സ്ട്രീമിങ് നടത്തി എന്ന സ്‌കൈ ടിവിയുടെ പരാതിയില്‍ ഒരാള്‍ക്ക് ഹൈക്കോടതി 480,000 യൂറോ പിഴ വിധിച്ചിരുന്നു.
രാജ്യത്ത് നിയമവിരുദ്ധമായി സ്ട്രീമിങ് നടത്തിവരുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് FACT വ്യക്തമാക്കി. സ്ട്രീമിങ്ങിനായി അനധികൃതമായ ഉപകരണങ്ങള്‍ നല്‍കുക, സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുക, നിയമവിരുദ്ധമായി റഫറല്‍ പോയിന്റുകള്‍ നല്‍കുക എന്നിവ വഴി സ്ഥാപന ഉടമകള്‍ ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2023 മാര്‍ച്ച് മുതല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 70 സ്ട്രീമിങ് സര്‍വീസുകളാണ് രാജ്യത്ത് പൂട്ടിച്ചത്. അനധികൃതമായി ഇത്തരം സബ്‌സ്‌ക്രിപ്ഷനുകള്‍ വാങ്ങിക്കുന്നത് ഉപഭോക്താക്കളെയും നിയമക്കുരുക്കിലേയ്ക്ക് നയിച്ചേക്കാം.