അയർലണ്ടിലെ ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.
അയർലണ്ട് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസും, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും അക്രമങ്ങളെ പരസ്യമായി അപലപിക്കുകയും ഇത്തരം നിന്ദ്യമായ അക്രമവും, വംശീയതയും നടത്തിയവർക്കെതിരെ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഡബ്ലിനിലെ ഇന്ത്യൻ എംബസി വഴിയും, ഡൽഹിയിൽ പ്രവർത്തിക്കുന്ന ഐറിഷ് എംബസി വഴിയുമാണ് കേന്ദ്ര സർക്കാർ ഇടപെടലുകൾ നടത്തിയത്. അതിക്രമത്തിന് ഇരയായവരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അയർലണ്ടിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി യോജിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം.പി മാർ വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.