ഡബ്ലിനില്‍ വംശവെറിക്കെതിരായി വൈവിദ്ധ്യങ്ങളെ ആഘോഷിക്കുന്ന കാര്‍ണിവല്‍ ഈ മാസം നടത്തപ്പെടും. United Against Racism and LeChéile ആണ് സെപ്റ്റംബര്‍ 27-ന് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി Garden of Remembrance എത്തുന്ന ആളുകള്‍, Custom House-ലേയ്ക്ക് മാര്‍ച്ച് ചെയ്ത് നീങ്ങും.
അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് നേരെ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു കാര്‍ണിവല്‍ നടത്താന്‍ തയ്യാറായതെന്ന് സംഘാടകര്‍ അറിയിച്ചു. The National Women’s Council, Irish Congress of Trade Unions എന്നിവരും കാര്‍ണിവലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വംശീയാതിക്രമത്തിന് ഇരയാകുന്നവര്‍ നമ്മുടെ അയല്‍ക്കാര്‍ തന്നെയാണെന്നും, ഇത്തരം അക്രമങ്ങള്‍ നടത്തുന്ന തീവ്ര വലതുപക്ഷവാദികള്‍ക്കെതിരായി ഏവരും നിലകൊള്ളണമെന്നും സംഘാടകര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ നിരാശ മുതലെടുത്ത് തീവ്ര വലതുപക്ഷവാദികള്‍ ഭയത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി. രാജ്യത്തെ ഭവനപ്രതിസന്ധി, വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍, ആരോഗ്യമേഖലയിലെ പോരായ്മകള്‍ എന്നിവയ്‌ക്കെല്ലാം കാരണക്കാര്‍ കുടിയേറ്റക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.