അയർലണ്ടിൽ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ മൂന്നിൽ ഒന്നും വംശവിരോധം കാരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നില്‍ ഒന്നിലധികം വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കും കാരണം വംശീയമായ വിരോധമാണെന്ന് കണ്ടെത്തല്‍. 2021-ന് ശേഷം രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 24% വര്‍ദ്ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ ആധാരമാക്കി The Journal തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2024-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 676 വിദ്വേഷകുറ്റകൃത്യങ്ങളാണ്. ഇതില്‍ 264 എണ്ണം അതായത് 39% വിദ്വേഷത്തിനും കാരണം ഇരയുടെ വംശവുമായി ബന്ധപ്പെട്ടതാണെന്ന് ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്. 2021-ല്‍ 483 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 213 എണ്ണത്തിന് കാരണം വംശീയവിദ്വേഷമായിരുന്നു.

ഇന്ത്യക്കാര്‍ക്ക് എതിരായ ആക്രമണങ്ങള്‍

രാജ്യത്തുടനീളം വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരെ പ്രത്യേകം ലക്ഷ്യമിട്ട് ഈ വര്‍ഷം നിരവധി ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.

ജൂലൈയില്‍ താലയില്‍ വച്ച് ഇന്ത്യന്‍ വംശജനെ തെറ്റായ ആരോപണമുന്നയിച്ച് ഒരു സംഘം മര്‍ദ്ദിച്ചതും, വാട്ടര്‍ഫോര്‍ഡിലെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയായ മലയാളി പെണ്‍കുട്ടിയെ ഒരു സംഘം കുട്ടികള്‍ ആക്രമിച്ചതും ഇതില്‍ ചിലത് മാത്രമാണ്. തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും, ഡബ്ലിനിലെ ഇന്ത്യന്‍ എംബസി, അയര്‍ലണ്ടിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

നിലവിലെ നിയമങ്ങള്‍ പര്യാപ്തമോ?

വംശീയ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ല എന്ന വാദവും ഉയര്‍ന്നുകഴിഞ്ഞു. University of Limerick-ലെ സോഷ്യോളജി പ്രൊഫസറായ Dr James Carr പറയുന്നത്, ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന എത്രയോ വംശീയവിദ്വേഷ കുറ്റകൃത്യങ്ങള്‍ അയര്‍ലണ്ടില്‍ നടക്കുന്നുണ്ടെന്നാണ്. പലരും വംശീയമായ വേര്‍തിരിവ് പുറത്തുപറയാതെ സഹിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ജോലിക്ക് പോകുന്ന വഴിയും, ജോലിസ്ഥലത്തും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം ഇത്തരം വേര്‍തിരിവുകള്‍ ആളുകള്‍ അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2024-ല്‍ വംശീയ കുറ്റകൃത്യത്തിന് എതിരായി സര്‍ക്കാര്‍ നിയമം പാസാക്കിയെങ്കിലും, ഇതില്‍ വംശീയാധിക്ഷേപം കുറ്റകൃത്യമാക്കുന്ന വകുപ്പ് ഉള്‍പ്പെടുത്താതിരുന്നതിനെയും Dr Carr വിമര്‍ശിച്ചു. ഗുരുതരമായ വംശീയകുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നതിന്റെ ആദ്യ പടി വാക്കുകള്‍ ഉപയോഗിച്ചുള്ള വംശീയമായ അധിക്ഷേപമാണെന്നും, അതിനാല്‍ അവയും കുറ്റകൃത്യം എന്ന നിലയില്‍ തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമം കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

വംശീയത അനുഭവിക്കുന്ന നഴ്‌സുമാര്‍

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ ധാരാളമായി ജോലി ചെയ്യുന്ന നഴ്‌സിങ് പോലുള്ള മേഖലകളിലും വംശീയവേര്‍തിരിവ് വളരെ ശക്തമാണെന്ന് Irish Nurses and Midwives Organisation (INMO) ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറയുന്നു. വംശീയ ആക്രമണങ്ങള്‍ ഉണ്ടായെന്ന് സംഘടനയിലെ അംഗങ്ങള്‍ തുറന്നുപറയുന്നത് വര്‍ദ്ധിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇവയെ ചെറുക്കാന്‍ വേണ്ടതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് പറഞ്ഞ Phil Ní Sheaghdha, ജോലി സ്ഥലത്തേയ്ക്കുള്ള യാത്രകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനെ നിയമിക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

2024-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നഴ്‌സിങ്, മിഡ് വൈഫറി ജോലിക്കാരില്‍ 75% പേരും യൂറോപ്യന്‍ യൂണിയന്റെ പുറത്തുള്ളവരാണ്. ജീവനക്കാരുടെ എണ്ണക്കുറവ് അനുഭവിക്കുന്ന അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയ്ക്ക് അത്യന്താപേക്ഷിതമാണ് ഇവരുടെ സംഭാവന എന്നും, അതിനാല്‍ ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും Phil Ní Sheaghdha കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം വംശീയവേര്‍തിരിവും, ആക്രമണവും അനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗാക്കാരായ കുട്ടികളുള്ള രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട് ആണെന്ന് EU Fundamental Rights Agency കണ്ടെത്തിയിട്ടുണ്ട് എന്നതും രാജ്യത്തെ സ്ഥിതിയുടെ നേര്‍ചിത്രമാണ്.

Share this news

Leave a Reply