അയര്‍ലണ്ടില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സിഗരറ്റ് കുറ്റികള്‍, ച്യൂയിങ് ഗം എന്നിവയാണ് ഇതില്‍ പ്രധാനമെന്നും 2024 National Litter Pollution Monitoring System (NLPMS) പഠനത്തില്‍ കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി പരിശോധന നടത്തിയ പ്രദേശങ്ങളില്‍ 60 ശതമാനം സ്ഥലത്തും മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023-നെക്കാള്‍ 3% ആണ് മലിനീകരണം അധികമായിരിക്കുന്നത്. 2024-ല്‍ രാജ്യത്തുടനീളം 5,579 മാലിന്യ സര്‍വേകളാണ് നടത്തിയത്. ഇതില്‍ വെറും 20 ശതമാനത്തില്‍ താഴെ പ്രദേശങ്ങള്‍ മാത്രമേ മാലിന്യം ഇല്ലാതെ കാണാന്‍ സാധിച്ചിട്ടുള്ളൂ. രാജ്യത്ത് ഗുരുതരമായി മലിനീകരിക്കപ്പെട്ട ഇടങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും, മറ്റ് പല പ്രദേശങ്ങളിലും മലിനീകരണം വര്‍ദ്ധിക്കുകയാണ്.
വഴിയാത്രക്കാരാണ് മാലിന്യം വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ ആകെ മലിനീകരണത്തിന്റെ 39.4 ശതമാനവും ഇവര്‍ കാരണമാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരാണ് മലിനീകരണമുണ്ടാക്കുന്നതില്‍ രണ്ടാം സ്ഥാനത്ത്.
റീട്ടെയില്‍ സ്ഥാപനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലും മലിനീകരണം ഏറെയാണ്. ആകെയുള്ളതില്‍ 2.6% മലിനീകരണം സംഭവിച്ചത് അനധികൃതമായി മാലിന്യം കൊണ്ടുവന്ന് തള്ളിയത് കാരണവുമാണ്.
സിഗരറ്റ് കുറ്റികള്‍, ച്യൂയിങ് ഗം എന്നിവ കഴിഞ്ഞാല്‍ മിഠായി പൊതികള്‍, വേപ്പറുകളുടെ ഭാഗങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ട മലിനവസ്തുക്കള്‍ എന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.