നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ വംശീയ ആക്രമണം; ‘ഗോ ഹോം’ എന്ന് ആക്രോശിച്ചു

അയര്‍ലണ്ടിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിനോദസഞ്ചാരകേന്ദ്രമായ പോര്‍ട്രഷിന് സമീപമുള്ള നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കളെയാണ് ഒരു സംഘമാളുകള്‍ ശനിയാഴ്ച രാത്രി ആക്രമിക്കുകയും, ‘ഗോ ഹോം’ എന്ന് ആക്രോശിക്കുകയും ചെയ്തത്.

രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി സമീപത്തെ പബ്ബിലേയ്ക്ക് പോകുമ്പോഴായിരുന്നു 20-ലേറെ പ്രായമുള്ള അഞ്ചോളം വരുന്ന ആളുകള്‍ ചെറുപ്പക്കാരെ മര്‍ദ്ദിച്ചത്. എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷമായിരുന്നു മര്‍ദ്ദനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് റസ്റ്ററന്റ് ഉടമ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ഇരയായ ആരുടെയും പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച പോലീസ്, ദൃക്‌സാക്ഷികളെ തേടുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ മാസം ആന്‍ട്രിമില്‍ മലയാളികളുടെ കാറുകള്‍ക്ക് കറുത്ത പെയിന്റ് അടിക്കുകയും, കുടിയേറ്റവിരുദ്ധ നിലപാടുള്ള പാര്‍ട്ടികളുടെ പേര് എഴുതിവയ്ക്കുകയും ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this news

Leave a Reply