അയര്‍ലണ്ടില്‍ ഗാര്‍ഹിക, ലൈംഗിക പീഡനങ്ങള്‍ നേരിടുന്നവരെ അത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ‘Always Here’ കാംപെയിന് തുടക്കമായി. ആറാഴ്ച നീണ്ടും നില്‍ക്കുന്ന കാംപെയിനില്‍, ഇത്തരത്തില്‍ പീഡനം നേരിടുന്നവര്‍ക്ക് സഹായം നല്‍കാനായി അധികൃതര്‍ ഒപ്പമുണ്ട് എന്ന് ഉറപ്പ് നല്‍കുകയാണ് ഉദ്ദേശ്യം. അയര്‍ലണ്ടില്‍ ഗാര്‍ഹിക, ലൈംഗിക പീഡനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ Cuan ആണ് കാപെയിന്‍ നടത്തുന്നത്. നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ കാംപെയിന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും, എന്നാല്‍ തങ്ങളുടെ അനുഭവം പുറത്ത് പറഞ്ഞാല്‍ സഹായം ലഭിക്കുമെന്ന് ഇരകള്‍ക്ക് ഉറപ്പ് നല്‍കുകയാണ് പ്രധാനമെന്നും മന്ത്രി കല്ലഗന്‍ പറഞ്ഞു. പീഡനങ്ങള്‍ക്ക് ഇരയാകുന്ന പകുതി പേരും (സ്ത്രീകളും പുരുഷന്മാരും) അക്കാര്യം പുറത്ത് പറയുന്നില്ലെന്നാണ് ഈയിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായതെന്നും, അതിനാല്‍ തന്നെ ഇരകളായവര്‍ ഒറ്റയ്ക്കല്ലെന്നും, സഹായം എപ്പോഴും അരികിലുണ്ടെന്നും ഉറപ്പ് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡനമനുഭവിക്കുന്നവര്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യാനും, സഹായം ലഭിക്കാനുമായി alwayshere.ie എന്ന വെബ്‌സൈറ്റും കാംപെയിനിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. ടിവി, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്നിവയെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് നവംബര്‍ 2 വരെയാണ് കാംപെയിന്‍ നടക്കുക.
2022-ലെ Sexual Violence Survey പ്രകാരം, അയര്‍ലണ്ടിലെ 52% സ്ത്രീകളും, 28% പുരുഷന്മാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തിയിരുന്നു.
ലൈംഗികാതിക്രമമോ, പീഡനമോ അനുഭവിക്കുന്നവര്‍ക്കും, നേരത്തെ ഇത്തരം അനുഭവം ഉണ്ടായവര്‍ക്കും സഹായത്തിനായി ബന്ധപ്പെടാം:
Rape Crisis Helpline – 1800-77 8888
Text service and web-chat options- https://www.drcc.ie/services/helpline/
Websites: https://www.rapecrisisireland.ie/