ബിനു ഉപേന്ദ്രന്‍
നമ്മളില്‍ പലരും വികാരങ്ങളെ അടക്കിവെക്കാന്‍ പഠിച്ചവരാണ്. പ്രത്യേകിച്ച് സങ്കടം വരുമ്പോള്‍, പൊതുസ്ഥലത്തുവെച്ചോ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ കരയുന്നത് ഒരു കുറച്ചിലായി കാണുന്നവര്‍. അതൊരു ബലഹീനതയുടെ ലക്ഷണമാണെന്ന് വിശ്വസിക്കുന്നവര്‍. കഴിഞ്ഞ 25 വര്‍ഷമായി മാനസികാരോഗ്യ രംഗത്ത് ഒരു നഴ്സായി പ്രവര്‍ത്തിക്കുന്ന എനിക്കും ചിലപ്പോഴൊക്കെ ഈ ചിന്തകള്‍ വരാറുണ്ട്. മറ്റുള്ളവരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം പകരാനും, അവരുടെ വികാരങ്ങളെ തുറന്നുവിടാന്‍ സഹായിക്കാനും ശ്രമിക്കുമ്പോഴും, പലപ്പോഴും നമ്മുടെ സ്വന്തം കാര്യത്തില്‍ ഈ അടിസ്ഥാന പാഠങ്ങള്‍ നമ്മള്‍ മറന്നുപോകുന്നു.
അത്തരമൊരു മറവിയുടെയും തിരിച്ചറിവിന്റെയും ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം. കഴിഞ്ഞ വര്‍ഷം മെയ് 17, വെള്ളിയാഴ്ച. അയര്‍ലണ്ടില്‍ നിന്ന് കേരളത്തിലേക്കുള്ള എന്റെ യാത്രയുടെ ദിവസമായിരുന്നു അത്. ഞാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ബോര്‍ഡ് ചെയ്യാനായി കാത്തുനില്‍ക്കുകയായിരുന്നു. യാത്രക്കാരുടെ നീണ്ട നിരയും ബഹളവും. അതിനിടയിലാണ് ചേട്ടന്റെ ഫോണ്‍ കോള്‍ വന്നത്, എന്റെ അച്ഛന്‍ പോയി എന്ന വാര്‍ത്ത…
ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആളുകള്‍ എന്നെ കടന്നുപോകുന്നു, അനൗണ്‍സ്മെന്റുകള്‍ മുഴങ്ങുന്നു, ചുറ്റുമുള്ള ബഹളങ്ങള്‍ക്കിടയിലും എന്റെ ലോകം ഒരു നിമിഷത്തേക്ക് നിശ്ശബ്ദമായി. ആ മരവിപ്പില്‍ നിന്ന് പതിയെ പുറത്തുവന്നപ്പോള്‍ കൈകള്‍ യാന്ത്രികമായി ഫോണെടുത്തു. ധന്യയെ (ഭാര്യ) വിളിച്ച് വിവരം പറഞ്ഞു, അടുത്ത ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചു. ഇതെല്ലാം ചെയ്യുമ്പോഴും എന്റെ മനസ്സ് ആ തിരക്കേറിയ എയര്‍പോര്‍ട്ടില്‍ നിന്ന് ഉറക്കെ അലറി വിളിക്കാന്‍ വെമ്പുകയായിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല.
‘ഇവിടെയിപ്പോള്‍ കരയുന്നത് ശരിയല്ലല്ലോ, ആളുകളെല്ലാം ശ്രദ്ധിക്കില്ലേ’ എന്ന് മനസ്സ് എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അത് ശരിയായ സമയമല്ലെന്ന് ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിച്ചു. പക്ഷേ ശരീരം എന്റെ നിയന്ത്രണത്തിലായിരുന്നില്ല. പുറമെ ഞാന്‍ ശാന്തനായി നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും വയറ്റില്‍ നിന്നൊരു തണുപ്പ് ശരീരമാകെ അരിച്ചു കയറുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
യാത്രയിലുടനീളം ഞാന്‍ നിശ്ശബ്ദനായിരുന്നു. വിമാനമിറങ്ങി പുറത്തുവന്നപ്പോള്‍ എന്നെ കൂട്ടാന്‍ വന്ന ചേട്ടന്റെ മുഖത്ത് നോക്കിയപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞില്ല. വീട്ടിലെത്തി, അമ്മയും ബന്ധുക്കളുമെല്ലാം എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോഴും, ഞാന്‍ അവരെയെല്ലാം സമാധാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരുതരം യാന്ത്രികമായ പെരുമാറ്റം.
എന്നാല്‍ അതിനിടയില്‍ ഞാന്‍ കേട്ട ഒരു ചോദ്യം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ആരോ ഒരാള്‍ എന്റെയൊരു ബന്ധുവിനോട് ചോദിക്കുന്നത്, ‘കൊച്ചുമോന്‍ കരഞ്ഞോ? അവന്‍ കരയുന്നത് കണ്ടില്ലല്ലോ.’
സത്യം പറഞ്ഞാല്‍, ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ചെറിയൊരു ദേഷ്യമാണ് തോന്നിയത്. ‘ഞാന്‍ കരയുന്നതും കരയാത്തതും എന്റെ കാര്യമല്ലേ, ഇവര്‍ക്കെന്താ?’ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി.
പക്ഷേ, ഇന്ന് ഇവിടെയിരുന്ന് ഈ വരികള്‍ എഴുതുമ്പോള്‍, ആ ചോദ്യത്തിന്റെ ആഴവും അതിലടങ്ങിയ സ്‌നേഹവും ഞാന്‍ തിരിച്ചറിയുന്നു. എനിക്ക് നന്നായി അറിയാം, ആ നഷ്ടത്തില്‍ നിന്ന് ഞാനിപ്പോഴും പൂര്‍ണ്ണമായി കരകയറിയിട്ടില്ലെന്ന്. ആ വേദന ഇപ്പോഴും എന്നെ മുറുകെ പിടിക്കുന്നുണ്ട്. ഒരുപക്ഷേ അന്ന് വേണ്ടുവോളം കരഞ്ഞ് ആ സങ്കടം ഒഴുക്കിക്കളഞ്ഞിരുന്നെങ്കില്‍, ഇന്നീ ഭാരം ഇത്രയധികം ഉണ്ടാകുമായിരുന്നില്ല.
നമ്മുടെ വികാരങ്ങളെ, അത് സന്തോഷമായാലും സങ്കടമായാലും ദേഷ്യമായാലും, വരുന്ന മുറയ്ക്ക് പ്രകടിപ്പിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഓരോ വികാരത്തിനും അതിന്റേതായ സ്ഥാനമുണ്ട്, അതിന്റേതായ പ്രാധാന്യമുണ്ട്. അത് പ്രകടിപ്പിക്കുന്നത് ഒരു ബലഹീനതയല്ല, മറിച്ച് അതൊരു ആവശ്യകതയാണ്.
അച്ഛന്റെ വേര്‍പാട് എന്റെയുള്ളില്‍ ഇപ്പോഴുമുണങ്ങാത്ത ഒരു മുറിവാണ്. അന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് കരയാന്‍ കാണിച്ച മടി എന്നെ കരുത്തനാക്കുകയല്ല ചെയ്തത്, എന്റെ സങ്കടങ്ങളെ ഒന്നുകൂടി ഉള്ളില്‍ കെട്ടിയിടുക മാത്രമാണ് ചെയ്തത്. ഒരു കരച്ചില്‍ കൊണ്ട് നമ്മുടെ സങ്കടങ്ങളൊന്നും പൂര്‍ണ്ണമായി ഇല്ലാതാവുന്നില്ലായിരിക്കാം. പക്ഷേ, അത് നമ്മുടെ വേദനകളോട് നമുക്ക് നടത്താന്‍ കഴിയുന്ന ഏറ്റവും സത്യസന്ധമായ ഒരു സംഭാഷണമാണ്.
സന്തോഷം പോലെ തന്നെ, വേദനയെയും നമ്മളിലൂടെ ഒഴുകിപ്പോകാന്‍ അനുവദിക്കണം. അതുകൊണ്ട്, അടുത്ത തവണ നിങ്ങള്‍ക്ക് കരച്ചില്‍ വരുമ്പോള്‍ മറ്റൊന്നും ചിന്തിക്കരുത്. സ്ഥലം, സമയം, മറ്റുള്ളവരുടെ നോട്ടം ഇതൊന്നും ഒരു തടസ്സമാകരുത്. ആ കണ്ണുനീരിനെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുക. അത് നിങ്ങളെ ശുദ്ധീകരിക്കും, പുതിയ കരുത്തേകും. ഒരു നിമിഷത്തെ വികാരപ്രകടനം, ഒരു ജീവിതകാലം മുഴുവന്‍ നിശ്ശബ്ദമായി ഭാരം ചുമക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്…