7 മലയാളി നഴ്സുമാർക്ക് അയർലൻഡിൽ പ്രവാസത്തിന്റെ 25 വർഷം: ഒരു ചരിത്രസംഗമം

ഡബ്ലിൻ: കേരളത്തിൽ നിന്ന് അയർലൻഡിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യനാളുകൾക്ക് സാക്ഷ്യം വഹിച്ച ഏഴ് കൂട്ടുകാരികൾ പ്രവാസ ജീവിതത്തിന്റെ 25-ാം വാർഷികം ആഘോഷിച്ചു. 2000-ൽ തുടങ്ങിയ തങ്ങളുടെ അവിസ്മരണീയമായ പ്രയാണത്തിന്റെ ഒരു സുന്ദരമായ ഓർമ്മപ്പെടുത്തലായിരുന്നു ഈ ഒത്തുചേരൽ.

കേരളത്തിന്റെ മണ്ണിൽ നിന്ന് ഒരു മെച്ചപ്പെട്ട തൊഴിൽ- ജീവിത സാഹചര്യങ്ങൾ തേടി, 2000 ഓഗസ്റ്റ് 31-ന് അയർലൻഡിൽ കാലുകുത്തിയ ഏലിയാമ്മ ജോസഫ്, ആനി സെബാസ്റ്റ്യൻ, ബെക്‌സി മാത്യു, ബിന്ദു ഫിലിപ്പ്, ജെന്നിമോൾ ജോസി, പിങ്കു ജോസഫ്, വിമലാമ്മ ജോസഫ് എന്നിവരാണ് ഈ ചരിത്ര മുഹൂർത്തം ആഘോഷിച്ചത്.

കേരളത്തിൽ നിന്ന് അയർലൻഡിലേക്ക് നഴ്സുമാരുടെ കുടിയേറ്റം സജീവമാകുന്നതിന് ഏറെ മുൻപേ ഇവിടെയെത്തിയ ഈ ‘പയനിയർ’ സംഘം, ഒരു തലമുറയ്ക്ക് വഴികാട്ടികളായി.

2000-ൽ ഇവിടെ ആദ്യമായി എത്തിയതിനെ തുടർന്നുള്ള അനുഭവങ്ങൾ വിമലാമ്മ റോസ് മലയാളത്തോട് പങ്കു വെച്ചു

കേരളത്തിൽ നിന്ന് അയർലൻഡിലെത്തിയ ഈ ആദ്യ സംഘത്തിൻ്റെ അനുഭവങ്ങൾ ഈ കുടിയേറ്റ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളാണ്. ഡബ്ലിൻ എയർപോർട്ടിൽ സ്വീകരിക്കാൻ ഹോസ്പിറ്റലിലെ രണ്ടു മേട്രൺ ഉൾപ്പെടെ എത്തിയിരുന്നുവെന്നത് അന്നത്തെ പ്രത്യേക സാഹചര്യത്തെ സൂചിപ്പിക്കുന്നു. മുംബൈ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ നിന്നാണ് ഇവരെ നാഷണൽ മറ്റേർണിറ്റി ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്തത്.

ആശുപത്രി അധികൃതർ ഇവരുടെ താമസത്തിനൊരുക്കിയ Monkstown-ലെ വീട്ടിൽ മേട്രൺ നേരിട്ടെത്തി സ്റ്റൗ, ഓവൻ തുടങ്ങിയ വീട്ടുപകരണങ്ങൾ പരിചയപ്പെടുത്തി. ഇതിനുമുമ്പ് ഇന്ത്യൻ നഴ്സുമാർ വന്നിട്ടില്ലാത്തതിനാൽ, എങ്ങനെ ഭക്ഷണം ഒരുക്കണമെന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് സംശയമുണ്ടായിരുന്നെങ്കിലും അവർ തങ്ങളാൽ കഴിയുന്ന ഇന്ത്യൻ പലവ്യഞ്ജനങ്ങളും, പാലും, പഴങ്ങളും വാങ്ങി ഒരുക്കിയിരുന്നു.

പിറ്റേദിവസം രാവിലെയും മേട്രൺ എത്തി, നാട്ടിലേക്ക് വിളിക്കാനായി Swift calling card-കൾ ഉപയോഗിച്ചുള്ള ലാൻഡ്‌ലൈൻ സംവിധാനം പരിചയപ്പെടുത്തി. കൂടാതെ, Monkstown റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുക്കുന്നതും ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുത്തു. അന്ന് അയർലൻഡിൽ ഐറിഷ് പൗണ്ട് (IR£) ആയിരുന്നു ഉപയോഗിച്ചിരുന്നത്, 2002-ലാണ് യൂറോ ഉപയോഗം ആരംഭിച്ചത്.

സഭയും സൗഹൃദങ്ങളും
അയർലൻഡിലെ ആദ്യനാളുകളിൽ വികാരി മർഫി അച്ചൻ ഇവർക്ക് വലിയ താങ്ങായിരുന്നു. ആദ്യമായി പള്ളിയിൽ എത്തിയപ്പോൾ ഇന്ത്യക്കാരെ കണ്ടത് ഐറിഷുകാർക്ക് കൗതുകമായിരുന്നു. ഇടവക കൂട്ടായ്മയ്ക്ക് ഇവരെ പരിചയപ്പെടുത്തിയ മർഫി അച്ചനാണ്, ഡബ്ലിൻ സിറ്റി സെൻ്ററിലെ ഏഷ്യൻ ഷോപ്പും അവിടേക്കുള്ള ബസ് സൗകര്യങ്ങളും പരിചയപ്പെടുത്താൻ സഹായിച്ച ആന്ധ്രാ സ്വദേശികളായ ഡോക്ടർ ദമ്പതികളെ പരിചയപ്പെടുത്തിയത്.

മർഫി അച്ചൻ വഴി അടുത്തുള്ള ജഡ്ജ് ആയിരുന്ന ഫ്രാങ്കിൻ്റെയും സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന മേരിയുടെയും കുടുംബവുമായി ഇവർ സൗഹൃദത്തിലായി. മേരി പലപ്പോഴും ഇന്ത്യൻ ഗ്രോസറി സാധനങ്ങൾ വാങ്ങിക്കാൻ ഇവരെ സഹായിച്ചിരുന്നു.

5000 നഴ്സുമാരുടെ ഒഴിവുള്ള കാലത്താണ് ഇവർ ഇവിടെയെത്തിയത്. വാരാന്ത്യങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നഴ്സുമാർ കുറവായതിനാൽ ബസ്, ട്രെയിൻ സൗകര്യങ്ങൾ കുറവായ അക്കാലത്ത് ടാക്സി ഉൾപ്പെടെ ഉപയോഗിച്ചാണ് ജോലിക്കുപോയിരുന്നത്.

പിന്നീട്, ബോംബെ ഹോളി സ്പിരിറ്റ് ആശുപത്രിയിലെ രണ്ട് കന്യാസ്ത്രീകൾ Maynooth-ൽ പഠിക്കുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും ആദ്യമൊന്നും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഏകദേശം ഒരുമാസം കഴിഞ്ഞാണ് ബ്രദർ ഡെന്നിസിനൊപ്പം ഈ കന്യാസ്ത്രീകൾ ഡബ്ലിനിലെ ഇവരുടെ വീട്ടിലെത്തിയത്. പിന്നീട് ബ്രദർ ഡെന്നിസിനും കന്യാസ്ത്രീകൾക്കും ഒപ്പം അദ്ദേഹത്തിൻ്റെ വാനിൽ അയർലൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അവസരം ലഭിച്ചു.

ഇവർ വഴി തമിഴ്നാട്ടിൽ നിന്നുള്ള ജഗ അച്ചനെയും മലയാളിയായ ജോർജ് അച്ചനെയും ഫ്രാൻസിസ്‌കോ അച്ചനെയും പരിചയപ്പെട്ടു. സെൻ്റ് പോൾസ് കോൺഗ്രിഗേഷൻ അംഗങ്ങളായ ഇവർ വഴി, ഫ്രാൻസിസ്‌കോ അച്ചൻ ഇവരുടെ വീട്ടിൽ ആദ്യത്തെ മലയാളം കുർബാന ചൊല്ലിയത് വിമലാമ്മ ഓർക്കുന്നു. തുടർന്ന് താല ആശുപത്രിയിൽ എത്തിയ മറ്റ് നഴ്സുമാരെയും (സ്ത്രീകളും പുരുഷന്മാരും) ഇവർ പരിചയപ്പെട്ടു.

ആദ്യകാലങ്ങളിൽ പള്ളിയിൽ പോകുമ്പോഴും യാത്ര ചെയ്യുമ്പോഴും ഐറിഷുകാർ ഇവരെ പരിചയപ്പെടുകയും സംസാരിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഐറിഷ് സമൂഹത്തിൻ്റെ ഈ സൗഹൃദപരമായ സമീപനം പ്രവാസ ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാൻ ഇവർക്ക് സഹായകമായി.

വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനിടയിൽ, പ്രവാസത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, ഈ കൂട്ടുകാരികൾ തങ്ങളുടെ ബന്ധം കാത്തുസൂക്ഷിച്ചു. ഇവരിൽ ഒരാൾ ഇപ്പോൾ അയർലൻഡിന് പുറത്താണെങ്കിലും ഇരുപത്തിയഞ്ച് വർഷങ്ങൾ തികച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ അവർ ഒത്തുകൂടുകയും കേക്കുമുറിച്ച് ആഘോഷിക്കുകയും ചെയ്തു.

പുതിയൊരു നാട്ടിലെ വെല്ലുവിളികൾ നിറഞ്ഞ ആദ്യ നാളുകളെക്കുറിച്ച് ഓർത്തെടുത്ത അവർ, തങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച ഐറിഷ് ജനതയോടും ഇവിടുത്തെ ആരോഗ്യമേഖലയോടും തങ്ങൾ എന്നും കടപ്പെട്ടവരായിരിക്കുമെന്ന് പറഞ്ഞു. പിറന്ന നാടിന്റെ ഓർമ്മകളോടൊപ്പം, പ്രവാസ ജീവിതം നൽകിയ നേട്ടങ്ങളെക്കുറിച്ചും മനസ്സ് തുറന്നു.

ഇന്നും സ്ഥിരമായി ഒത്തുചേരുന്ന ഈ കൂട്ടുകാർ, പഴയ കാല സ്മരണകളും അനുഭവങ്ങളും പങ്കുവെച്ച് തങ്ങളുടെ സൗഹൃദം പുതുക്കുന്നു. പ്രവാസത്തിന്റെ ഈ കാൽനൂറ്റാണ്ട് പിന്നിട്ട ഈ ഉറ്റ കൂട്ടുകാരികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും തുടർന്നും സന്തോഷകരമായ ജീവിതത്തിന് ആശംസകളും!

 

 

Share this news

Leave a Reply