പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി Fianna Fail സ്ഥാനാർത്ഥി ജിം ഗാവിൻ

Fianna Fail-ന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജിം ഗാവിന്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങി. ഞായറാഴ്ച രാത്രി 10.30-ഓടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗാവിന്‍ പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കിയത്. പൊതുജനസേവനവും, രാജ്യത്തോടുള്ള സ്‌നേഹവും കൊണ്ടായിരുന്നു താന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറായത് എന്നും മുന്‍ ഡബ്ലിന്‍ ജിഎഎ മാനേജറായിരുന്ന ഗാവിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാവിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് നിഗമനം. ഗാവിന്‍ വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിലെ വാടക്കാരുടെ വിവരം Residential Tenancies Board-ല്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നും, നേരത്തെയുണ്ടായിരുന്ന വാടകക്കാരന് പണം നല്‍കാനുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു.

പ്രസിഡന്റിന്റെ ഓഫീസ് എന്നാല്‍ വിവാദങ്ങളില്‍ നിന്നും മുക്തമായ ഇടമായിരിക്കണമെന്നും പിന്‍മാറ്റം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഗാവിന്‍ പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ തന്റെ പ്രചാരണത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു തെറ്റ് പറ്റിയതായും, അത് തന്റെ വ്യക്തിത്വത്തിന് ചേരുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഗാവിന്റെ പിന്‍മാറ്റം മനസിലാക്കുന്നുവെന്നും, ശരിയായ തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടതെന്നും, Fianna Fail നേതാവും, പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിനും പ്രതികരിച്ചു.

ഗാവിന്റെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു വാടകക്കാരന്‍ അധികമായി നല്‍കിയ 3,300 യൂറോ 2009 മുതല്‍ ഗാവിന്‍ മടക്കിനല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം വളരെ വൈകിയാണ് പിന്മാറ്റം എന്നതിനാല്‍ ബാലറ്റ് പേപ്പറില്‍ ഗാവിന്റെ പേരും ഉണ്ടാകും. ഒക്ടോബര്‍ 24-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന Sunday Independent/Ireland Thinks അഭിപ്രായസര്‍വേയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ Catherine Connolly-ക്ക് 32%, Fine Gael സ്ഥാനാര്‍ത്ഥിയായ Heather Humphreys-ന് 23% എന്നിങ്ങനെയും, ഗാവിന് 15 ശതമാനവും ജനപിന്തുണ ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്.

Share this news

Leave a Reply