അയര്‍ലണ്ടിനുള്ള 2026 ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹോവും, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സും. ‘വിവേകപൂര്‍ണ്ണമായത്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ബജറ്റില്‍ ധനവിനിയോഗം 9.4 ബില്യണ്‍ യൂറോ ആക്കി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 8.1 ബില്യണ്‍ പൊതുകാര്യങ്ങള്‍ക്കും, 1.3 ബില്യണ്‍ ടാക്‌സ് ഇളവുകള്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
എന്നാല്‍ മുന്‍ തവണത്തെ ബജറ്റ് പോലെ ജനങ്ങള്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണ കുറവാണ്. പ്രധാനപ്രതിപക്ഷമായ Sinn Fein അടക്കമുള്ളവര്‍ ബജറ്റ് നിരാശാജനകമാണെന്ന് പ്രതികരിച്ചിട്ടുമുണ്ട്.
അതേസമയം അധികമായി ചെലവിടുന്ന തുക രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് വലിയ ഊര്‍ജ്ജമാകുമെന്നും, സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
2026 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം:
ഇന്‍കം ടാക്‌സ്
– നേരത്തെ പ്രതീക്ഷിച്ചത് പോലെ തന്നെ തൊഴിലാളികളുടെ പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് നിരക്കില്‍ മാറ്റങ്ങളൊന്നുമില്ല
– രാജ്യത്തെ മിനിമം ശമ്പളം മണിക്കൂറിന് 0.65 യൂറോ വര്‍ദ്ധിപ്പിച്ച് 14.15 യൂറോ ആക്കി. ഇത് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
മറ്റ് ടാക്‌സുകളും ക്രെഡിറ്റുകളും
– ഹോസ്പിറ്റാലിറ്റി മേഖലയുടെ Value Added Tax (VAT) 13.5 ശതമാനത്തില്‍ നിന്നും 9% ആക്കി കുറച്ചു. ഇത് 2026 ജൂലൈയില്‍ പ്രാബല്യത്തില്‍ വരും. ഹോട്ടലുകാര്‍ക്കും, റസ്റ്ററന്റുകള്‍ക്കും ഈ തീരുമാനം നേട്ടമാകും.
– ഗ്യാസ്, വൈദ്യുതി എന്നിവയ്ക്കുള്ള 9% എന്ന കുറഞ്ഞ നിരക്ക് 2030 ഡിസംബര്‍ 31 വരെ നീട്ടി.
സോഷ്യല്‍ വെല്‍ഫെയര്‍
– വീക്കിലി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകളില്‍ 10 യൂറോയുടെ വര്‍ദ്ധന
– 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റില്‍ 8 യൂറോ വര്‍ദ്ധന, 12 വയസിന് മുകളിലാണെങ്കില്‍ 16 യൂറോയുടെ വര്‍ദ്ധന
– വീക്കിലി ഫ്യുവല്‍ അലവന്‍സ് 5 യൂറോ വര്‍ദ്ധിപ്പിച്ച് 38 യൂറോ ആക്കി
– ദീര്‍ഘകാലമായി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് സ്വീകരിച്ചു വരുന്നവര്‍ക്ക് ക്രിസ്മസ് കാലത്ത് ബോണസ് ഡബിള്‍ പേയ്‌മെന്റ് നല്‍കും.
അടിസ്ഥാനസൗകര്യ വികസനവും, ഗതാഗതവും
– മെട്രോലിങ്കിനായി 2 ബില്യണ്‍ യൂറോ
– രാജ്യത്തെ ജലവിതരണസംവിധാനം മെച്ചപ്പെടുത്താനായി ജലവിതരണവകുപ്പിന് (Uisce Éireann) 1.4 ബില്യണ്‍ യൂറോ വകയിരുത്തി
– ഊര്‍ജ്ജസുരക്ഷയ്ക്കായി ESB, EirGrid എന്നിവയ്ക്ക് 3.5 ബില്യണ്‍ യൂറോ നല്‍കും
സിഗരറ്റ്
– 20 എണ്ണമടങ്ങുന്ന ഒരു പാക്ക് സിഗരറ്റിന് ഇന്നലെ രാത്രി മുതല്‍ 50 സെന്റ് വില വര്‍ദ്ധിപ്പിച്ചു
ശിശുക്ഷേമം
– 2026-ലെ National Childcare Scheme വഴി 285,000-ലധികം കുട്ടികള്‍ക്ക് സഹായം നല്‍കും. മുന്‍ തവണത്തെക്കാള്‍ 35,000 കുട്ടികളെ കൂടുതലായി ഉള്‍പ്പെടുത്തി.
– പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി 1,717 അധിക Special Needs Assistant-നെ നിയമിക്കാന്‍ തുക വകയിരുത്തി
– Back-to-school clothing and footwear payment പദ്ധതി 2-3 വയസുള്ള കുട്ടികളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു
ഹൗസിങ്
– ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കുള്ള നിലവിലെ 7% Derelict Site Levy-ക്ക് പകരമായി പുതിയ Derelict Property Tax ഏര്‍പ്പെടുത്തി. ഇത് 7 ശതമാനത്തില്‍ കുറവായിരിക്കില്ലെന്നും, അടുത്ത വര്‍ഷത്തോടെ നിലവില്‍ വരുമെന്നും പ്രഖ്യാപനം.
– Rent Tax Credit 1,000 യൂറോ ആയി തുടരും. ഇത് 2028 അവസാനം വരെ നീട്ടിയിട്ടുണ്ട്.
– നിര്‍മ്മാണം പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍ക്കുമ്പോള്‍, ഡെവലപ്പര്‍മാര്‍ക്കുള്ള VAT, 13.5 ശതമാനത്തില്‍ നിന്നും 9% ആക്കി കുറച്ചു.
– പുതിയ സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാനും, ഏറ്റെടുക്കാനുമായി 2.9 ബില്യണ്‍ യൂറോ വകയിരുത്തി.
പ്രതിരോധം, നീതിന്യായം
– പ്രതിരോധസേനയിലേയ്ക്ക് അധികമായി 400 പേരെ നിയമിക്കാനും, അധികമായി 1,000 ഗാര്‍ഡ ട്രെയിനികളെ നിയമിക്കാനുമായി പ്രത്യേക ഫണ്ട് വകയിരുത്തി.
– Irish Prisons Service-നായി 39 മില്യന്റെ അധിക ഫണ്ടിങ്. ഇതോടെ ജയില്‍വകുപ്പിന് ഈ വര്‍ഷം ആകെ ലഭിക്കുക 579 മില്യണ്‍ യൂറോ.
കലാരംഗം
– VFX-നായി കുറഞ്ഞത് 1 മില്യണ്‍ യൂറോയെങ്കിലും മുടക്കുമ്പോള്‍ 40% ഇളവ് നല്‍കിക്കൊണ്ട് Film Tax Credit വിപുലീകരിച്ചു.
– Digital Games Tax Credit, 2031 വരെ ആറ് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി.
കാലാവസ്ഥ
– പെട്രോള്‍, ഡീസല്‍ എന്നിവയുടെ കാര്‍ബണ്‍ ടാക്‌സ് ടണ്ണിന് 63.50 യൂറോയില്‍ നിന്നും 71 യൂറോ ആക്കി ഉയര്‍ത്തി. വാഹനങ്ങളുടെ ഇന്ധനത്തിന്റെ കാര്യത്തില്‍ ഇത് ഇന്ന് മുതല്‍ നിലവില്‍ വരും. മറ്റ് ഇന്ധനങ്ങള്‍ക്ക് അടുത്ത മെയ് മാസം മുതലും അധിക ടാക്‌സ് ഈടാക്കും.
– ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 5,000 യൂറോ VRT ഇളവ് 2026 അവസാനം വരെ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി.