വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ Fianna Fail സ്ഥാനാര്‍ത്ഥി ജിം ഗാവിന്‍, വാടകക്കാരന് നല്‍കാനുണ്ടായിരുന്ന 3,300 യൂറോ കൊടുത്ത് തീര്‍ത്തു. ഗാവിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളില്‍ നിന്നും അമിതമായി ഈടാക്കിയ 3,300 യൂറോ 2009 മുതല്‍ തിരിച്ചു നല്‍കിയില്ല എന്ന് വിവാദമുയര്‍ന്നതോടെയായിരുന്നു പ്രചരണം ആരംഭിച്ച ശേഷം ഗാവിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറ്റം നടത്തിയത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിന് ശേഷമായിരുന്നു പിന്മാറ്റം എന്നതിനാല്‍ Fianna Fail-ന് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല.
Niall Donald എന്ന മുന്‍ വാടകക്കാരന് ഗാവിന്‍ 3,300 യൂറോ തിരികെ നല്‍കിയെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള ഒരാള്‍ സ്ഥിരീകരിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന് ഗാവിനും നേരത്തെ സമ്മതിച്ചിരുന്നു. Residential Tenancies Board-ല്‍ ഗാവിന്‍ വാടക കാര്യം രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്നും വിവാദമുയര്‍ന്നിരുന്നു.
ഇതിനിടെ സ്വന്തം പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍ Fianna Fail നേതാവും, പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍, സര്‍ക്കാരിലെ കൂട്ടുകക്ഷി പാര്‍ട്ടിയായ Fine Gael-ന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹെതര്‍ ഹംഫ്രിസിന് വോട്ട് രേഖപ്പെടുത്താനാണ് പദ്ധതിയെന്ന് വ്യക്തമാക്കി.
ഒക്ടോബര്‍ 24-നാണ് രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഹംഫ്രിസിനെ കൂടാതെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കാതറിന്‍ കൊനോളിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഒരേയൊരു മത്സരാര്‍ത്ഥി.