ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോണലിക്ക് മുന്‍തൂക്കമെന്ന് സര്‍വേ ഫലം. Business Post Red C-യുടെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 36% ജനങ്ങളാണ് കോണലിയെ പിന്തുണയ്ക്കുന്നത്. Fine Gael സ്ഥാനാര്‍ത്ഥിയും, മുന്‍മന്ത്രിയുമായ ഹെതര്‍ ഹംഫ്രിസിന് 25% പേരുടെ പിന്തുണയുണ്ട്. Fianna Fail സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍ പത്രിക സമര്‍പ്പിച്ച ശേഷം മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ, ഹംഫ്രിസും, കോണലിയും തമ്മിലായിരിക്കുകയാണ് മത്സരം.
പിന്മാറിയെങ്കിലും ഗാവിന് 12% പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. ഈ വോട്ട് ആര് നേടും എന്നത് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. ഗാവിന് ലഭിക്കാന്‍ സാധ്യതയുള്ള ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍, സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകളാക്കി മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുകയാണെങ്കില്‍ കോണലിക്ക് 39% പേരുടെയും, ഹംഫ്രിസിന് 31% പേരുടെയും പിന്തുണയാണ് ഉണ്ടാകുകയെന്നും സര്‍വേ പറയുന്നു.
പിന്മാറ്റം ഏറെ വൈകിയതിനാല്‍ ബാലറ്റ് പേപ്പറുകളില്‍ ഗാവിന്റെ പേരും ഉണ്ടാകും. മുന്‍ വാടകക്കാരനില്‍ നിന്നും അധികമായി വാങ്ങിയ പണം മടക്കിനല്‍കാത്തത് വിവാദമായതോടെയായിരുന്നു ഗാവിന്റെ പിന്മാറ്റം.
18 വയസിന് മേല്‍ പ്രായമുള്ള 1,001 പേരെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ 2 മുതല്‍ 7 വരെയാണ് സര്‍വേ നടന്നത്. ഒക്ടോബര്‍ 24-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.