അയർലണ്ടിൽ സർക്കാരിന്റെ ജനപ്രീതി കുറഞ്ഞു; മീഹോൾ മാർട്ടിനുള്ള ജനപിന്തുണ അഞ്ച് വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

രാജ്യത്തെ രാഷ്ട്രീയനേതാക്കളുടെ ജനപിന്തുണ പരിശോധിക്കുന്ന അഭിപ്രായ സര്‍വേയില്‍, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനുള്ള ജനപ്രീതി കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. Irish Times/Ipsos B&A നടത്തിയ പുതിയ സര്‍വേയില്‍ Fianna Fail നേതാവായ മാര്‍ട്ടിന്റെ ജനപ്രീതി 11 പോയിന്റ് കുറഞ്ഞ് 33% ആയി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാര്‍ട്ടിന്റെ പിന്തുണ ഇത്രയും കുറയുന്നത് ഇതാദ്യമാണ്.

മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ജനപിന്തുണ 3 പോയിന്റ് വര്‍ദ്ധിച്ച് 39% ആയി. രാജ്യത്ത് നിലവില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവും മക്‌ഡൊണാള്‍ഡ് ആണ്. ഉപപ്രധാനമന്ത്രിയും, Fine Gael പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസിന്റെ പിന്തുണയാകട്ടെ 3 പോയിന്റ് കുറഞ്ഞ് 35% ആയി.

രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപ്രീതിയിലും ഏതാണ്ട് സമാനമായ ട്രെന്‍ഡാണ് കാണുന്നത്. ഭരണകക്ഷികളിലൊന്നായ Fianna Fail-ന്റെ ജനപിന്തുണ 5 പോയിന്റ് കുറഞ്ഞ് 17 ശതമാനം ആയപ്പോള്‍ Sinn Fein-നുള്ള പിന്തുണ 5 പോയിന്റ് വര്‍ദ്ധിച്ച് 27% ആയി. ഭരണകക്ഷിയിലെ മറ്റൊരു പാര്‍ട്ടിയായ Fine Gael-ന്റെ പിന്തുണ 1 പോയിന്റ് വര്‍ദ്ധിച്ച് 18% ആയിട്ടുണ്ട്.

ഭരണകക്ഷികളായ Fianna Fáil, Fine Gael എന്നീ പാര്‍ട്ടികള്‍ക്കുള്ള സംയുക്ത ജനപിന്തുണ 35 ശതമാനത്തിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്. ഈ പാര്‍ട്ടികളുടെ കൂട്ടുകക്ഷി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയാണിത്. ഇരു പാര്‍ട്ടികളും നയിക്കുന്ന സര്‍ക്കാരിനുള്ള ജനപിന്തുണയും 5 പോയിന്റ് കുറഞ്ഞ് 31% ആയിട്ടുണ്ട്.

Share this news

Leave a Reply