അയര്‍ലണ്ടിലെ ഭക്ഷ്യവസ്തുക്കളുടെ വില രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍. Worldpanel by Numerator പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നിലവില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 6.5% ആണ്. 2023 ഡിസംബറിന് ശേഷം വിലക്കയറ്റം ഇത്രയും വര്‍ദ്ധിക്കുന്നത് ഇതാദ്യമാണ്.
പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതും, ഹാലോവീന്‍ അടുത്തിരിക്കുന്നതും, ഉത്സകാലം വൈകാതെ ആരംഭിക്കും എന്നതുമാണ് ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ കാരണമായിരിക്കുന്നതെന്നാണ് നിഗമനം.
ഈയിടെ അവതരിപ്പിച്ച ബജറ്റും ആളുകളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റത്തവണ സഹായപദ്ധതികളായ എനര്‍ജി ക്രെഡിറ്റുകള്‍, ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റുകള്‍ പോലുള്ളവ നിര്‍ത്തലാക്കിയത് ജനങ്ങളുടെ ചെലവിനെ മോശമായി ബാധിക്കുമെന്നും കമ്പനിയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഇതിന് പുറമെ ഇന്ധനച്ചെലവ് വര്‍ദ്ധിച്ചുവരികയുമാണ്.
അതേസമയം റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 24.4% മാര്‍ക്കറ്റ് ഷെയറോടെ Dunnes തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. Tesco 23.7%, Supervalu 19.2%, Lidl 14.1%, Aldi 11.4% എന്നിങ്ങനെയാണ് മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിപണി ഷെയറുകള്‍.






