മലയാളികളുടെ ആദരം സഹിച്ച് മടുത്തെന്നും, ഇനി ആരും തന്നെ ആദരിക്കാന്‍ വിളിക്കരുതെന്നും കവി ബാവചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും, തനിക്ക് പ്രായമായെന്നും, പൊതുവേദിയില്‍ നിന്നും എന്നെന്നേക്കുമായി പിന്‍വാങ്ങുകയാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അയച്ച കുറിപ്പില്‍ ചുള്ളിക്കാട് വ്യക്തമാക്കി.
‘ഈയിടെ ഗള്‍ഫിലെ ഒരു സംഘടനയുടെ ആള്‍ക്കാര്‍ക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാന്‍ പറഞ്ഞു: അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവന്‍ മലയാളികളുടെ ആദരം സഹിച്ച് ഞാന്‍ മടുത്തു, എന്ന്.’ -ചുള്ളിക്കാട് പറഞ്ഞു.
‘രണ്ടുവര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി എന്നെ വല്ലാതെ ഒന്നാദരിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാന്‍ തീരുമാനിച്ചു, ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്കു വയസ്സായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല. ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക.’ – അദ്ദേഹം കുറിച്ചു.






