അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിൻ കോണലി; ഔദ്യോഗിക ഫലപ്രഖ്യാപനം എത്തി

അയര്‍ലണ്ടിന്റെ 10-ആമത്തെ പ്രസിഡന്റായി സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാതറിന്‍ കോണലി. ഒക്ടോബര്‍ 24-ന് നടന്ന തെരഞ്ഞെടുപ്പില്‍ 63% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് ഗോള്‍വേ സ്വദേശിയായ കോണലിയുടെ അധികാരിക വിജയം. ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കോണലി മുന്നില്‍ തന്നെയായിരുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥിയായ Fine Gaelന്റെ ഹെതര്‍ ഹംഫ്രിസിന് 29% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. മറ്റൊരു സ്ഥാനാര്‍ത്ഥിയായ Fianna Failന്റെ ജിം ഗാവിന്‍ വാടകയിനത്തിലെ പണം വാടകക്കാരന് തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നാമനിര്‍ദ്ദേശപത്രിക നല്‍കിയ ശേഷം തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയിരുന്നു. വളരെ വൈകിയായിരുന്നു പിന്മാറ്റം എന്നതിനാല്‍ ഗാവിന്റെ പേരും ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെട്ടിരുന്നു. 7% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ഗാവിന് ലഭിച്ചത്.

അതേസമയം തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് അസാധുവാക്കപ്പെടലും ഉണ്ടായി. രാജ്യമെമ്പാടും 213,738 വോട്ടുകള്‍ ആസാധുവാക്കപ്പെട്ടതായാണ് കണക്ക്. 2018-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ 10% അധികമാണിത്. പലരും സര്‍ക്കാരിന് എതിരായ സന്ദേശങ്ങള്‍ എഴുതാനായാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചത്.

പ്രധാന പ്രതിപക്ഷമായ Sinn Fein അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയ കോണലി, തെരഞ്ഞെടുപ്പ് ഫലം അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ കാസിലില്‍ എത്തി. ഫലപ്രഖ്യാപനത്തിന് ശേഷം ജനങ്ങളെ കണ്ട കോണലി, ‘ഞാന്‍ ആളുകളെ കേള്‍ക്കുകയും, പ്രതികരിക്കുകയും, അവശ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും’ എന്ന് പ്രതികരിച്ചു. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന തന്റെ നിലപാട് നിഷ്പക്ഷതയുടേത് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും മൂല്യവല്‍ക്കരിക്കുന്ന പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന നിലപാടാണ് താന്‍ പ്രചാരണത്തിലുടനീളം കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയ കോണലി, എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും, പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എത്ര പേര്‍ വോട്ട് ചെയ്തു?

ആകെ 3,612,957 പേര്‍ക്കാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ 1,656,436 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 46% ആണ് പോളിങ് നിരക്ക്.

 

Share this news

Leave a Reply