മീഹോള്‍ മാര്‍ട്ടിന്‍ തന്നെ പാര്‍ട്ടി നേതാവായി തുടരണമെന്ന് Fianna Fail-ലെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത് എന്ന് ഗതാഗതവകുപ്പ് മന്ത്രിയായ ഡാര ഒ’ബ്രിയന്‍. പാര്‍ട്ടിയിലെ 48 ടിഡിമാര്‍, 20 സെനറ്റര്‍മാര്‍ എന്നിവരില്‍ ബഹുഭൂരിപക്ഷം പേരും മാര്‍ട്ടിന്‍ തന്നെ നേതാവായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് ഒ’ബ്രിയന്‍ തിങ്കളാഴ്ച പറഞ്ഞത്. മാര്‍ട്ടിന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Fianna Fail-ന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍, വിവാദങ്ങളെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് പാര്‍ട്ടിക്കുള്ളിലെ ചിലരില്‍ നിന്നും അഭിപ്രായമുയര്‍ന്നത്. വളരെ വൈകിയായിരുന്നു പത്രിക പിന്‍വലിച്ചത് എന്നതിനാല്‍ പാര്‍ട്ടിക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധിച്ചിരുന്നില്ല. മുന്‍ വാടകക്കാരനില്‍ നിന്നും അധികമായി ഈടാക്കിയ 3,000 യൂറോയിലധികം വര്‍ഷങ്ങളായിട്ടും ഗാവിന്‍ തിരികെ നല്‍കാതിരുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഈ സാഹചര്യത്തില്‍, പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അനുയോജ്യനായ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നിലവിലെ നേതാവായ മീഹോള്‍ മാര്‍ട്ടിന് സാധിച്ചില്ല എന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. മാര്‍ട്ടിനും, ഉപനേതാവായ ജാക്ക് ചേംബേഴ്‌സുമാണ് ഗാവിന്റെ പേര് നിര്‍ദ്ദേശിച്ചതും, തീരുമാനമെടുക്കാനായി പാര്‍ട്ടിയെ ഏല്‍പ്പിച്ചതും. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മുന്‍ MEP Billy Kelleher, മുന്‍ പ്രധാനമന്ത്രി Bertie Ahern എന്നിവരെ നിരാകരിച്ചുകൊണ്ടായിരുന്നു ഇത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ വരികയും, ഇടത് സ്വതന്ത്രയായ കാതറിന്‍ കോണലി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തതിന് പിന്നാലെ, Fianna Fail ടിഡിമാരായ John McGuinness, John Lahart എന്നിവരാണ് പാര്‍ട്ടി നേതാവിന്റെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ പറ്റി ചര്‍ച്ച വേണം എന്ന് ആവശ്യമുയര്‍ത്തിയത്. സെനറ്ററായ Anne Rabbitte-യും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഈ വിമര്‍ശനങ്ങളെ തള്ളിക്കൊണ്ടാണ് മന്ത്രി ഒ’ബ്രിയന്‍ തിങ്കളാഴ്ച രംഗത്തെത്തിയത്. കഴിഞ്ഞ 14 വര്‍ഷത്തെ നേതൃകാലയളവില്‍, വളരെ മോശം അവസ്ഥയില്‍ നിന്നും പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവന്ന മാര്‍ട്ടിന്‍, സര്‍ക്കാരിലെ ഏറ്റവും വലിയ പാര്‍ട്ടിയായി Fianna Fail-നെ മാറ്റിയെന്നും ഒ’ബ്രിയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നിരാശയുണ്ടായെങ്കിലും നേതാവിനെ മാറ്റുക എന്നത് പരിഗണനയില്‍ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അവലോകനം നടന്നുകൊണ്ടിരിക്കുകയാണെന്നും വീഴ്ചകളില്‍ നിന്നും തങ്ങള്‍ പാഠം പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






