ഡ്രോഗഡയിലെ അഭയാർത്ഥി കേന്ദ്രത്തിന് ആരോ മനഃപൂർവം തീയിട്ടതെന്ന് ഗാർഡ; അപലപിച്ച് പ്രധാനമന്ത്രി

Co Louth-ലെ ഡ്രോഗഡയിലുള്ള അഭയാര്‍ത്ഥി കേന്ദ്രത്തിലെ തീപിടിത്തം മനപ്പൂര്‍വ്വമായി സൃഷ്ടിച്ചതെന്ന് ഗാര്‍ഡ. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിന്നും കുട്ടികളടക്കം നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ആരോ മനപ്പൂര്‍വ്വം തീവയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

International Protection Accommodation Services (IPAS) പ്രകാരം രാജ്യത്ത് അഭയം തേടിയെത്തിയവരെ താമസിപ്പിക്കാനായി സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

സംഭവത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അപലപിച്ചു. ഇതിന് ഉത്തരവാദികളായവര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാനും പ്രതികരിച്ചു.

പടക്കമെറിഞ്ഞതിനെ തുടര്‍ന്നാണ് തീപിടിത്തം ആരംഭിച്ചത് എന്നാണ് ഗാര്‍ഡ റിപ്പോര്‍ട്ട്. ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് മനപ്പൂര്‍വ്വമായി അപകടം സൃഷ്ടിക്കുകയായിരുന്നു എന്നും ഗാര്‍ഡ വ്യക്തമാക്കുന്നു.

സംഭവത്തെ പറ്റി എന്തെങ്കിലും സൂചന ഉള്ളവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Drogheda Garda Station – 041 9874200

Share this news

Leave a Reply