ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി മലയാളികളായ ജോയലും അമലും ഉൾപ്പെട്ട അയര്‍ലണ്ട് ടീം

റോബോട്ടിക്‌സിലെ ഒളിമ്പിക്‌സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി മലയാളികള്‍ ഉള്‍പ്പെട്ട അയര്‍ലണ്ട് ടീം. അമേരിക്കയിലെ പനാമ സിറ്റിയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ച ടീമില്‍ മലയാളികളായ ജോയല്‍ ഇമ്മാനുവലും അമല്‍ രാജേഷും അടക്കം എട്ട് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.2025 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ പനാമ സിറ്റിയില്‍ ആണ് റോബോട്ട് ഒളിമ്പ്യാഡ് നടന്നത്. മത്സരത്തില്‍ അയര്‍ലണ്ട് എട്ടാം സ്ഥാനവും നേടി.

ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളില്‍നിന്നുള്ള 600 ല്‍ അധികം ടീമുകള്‍ പങ്കെടുത്ത ഒളിമ്പ്യാഡ് ഫൈനലില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കാനായത് അയര്‍ലണ്ടിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണ്.

ഡബ്ലിന്‍ ലൂക്കനില്‍ താമസിക്കുന്ന സ്പൈസ് വില്ലേജ് റസ്റ്റോറന്റ് & കാറ്ററിങ് ഗ്രൂപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഇമ്മാനുവല്‍ തെങ്ങുംപള്ളിയുടെയും നേഴ്‌സ് മാനേജര്‍ റീത്താ ഇമ്മാനുവലിന്റെയും മകനാണ് ലിവിങ് സെര്‍ട്ട് വിദ്യാര്‍ഥി കൂടിയായ ജോയല്‍ ഇമ്മാനുവല്‍. ലൂക്കന്‍ ലിഫി വാലിയില്‍ താമസിക്കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ രാജേഷിന്റെയും, നേഴ്‌സ് മാനേജര്‍ ആയ ബെറ്റ്‌സിയുടെയും മകനാണ് ലിവിങ് സര്‍ട്ട് വിദ്യാര്‍ഥിയായ അമല്‍. ജോയല്‍ ഇമ്മാനുവല്‍ ഇതിനു മുന്‍പ് ബിടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് നേടിട്ടുണ്ട് .

ഓരോ വര്‍ഷവും വ്യത്യസ്ത രാജ്യങ്ങളില്‍ നടക്കുന്ന പുതിയ തലമുറയിലെ എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും വളര്‍ച്ചക്ക് കാരണമാകുന്ന ഒരു അന്താരാഷ്ട്ര റോബോട്ടിക് മത്സരമാണ് ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ച്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) മേഖലയിലെ യുവാക്കളുടെ കൂടുതല്‍ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.

ഈ ചരിത്രപരമായ മുന്നേറ്റത്തില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് മിടുക്കരായ രണ്ട് മലയാളി യുവ ശാസ്ത്രജ്ഞരും പങ്കെടുത്തു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. ഗ്ലോബല്‍ ചലഞ്ചില്‍ പങ്കെടുത്ത മത്സരത്തില്‍ ലോകത്തില്‍ എട്ടാം സ്ഥാന നേടി വന്നപ്പോള്‍ ഐറിഷ് സമൂഹം വലിയ പ്രോത്സാഹനമാണ് കുട്ടികള്‍ക്ക് നല്‍കിയത് .

ലോകത്തിലെ ഏറ്റവും വലിയ 14 എഞ്ചിനീയറിംഗ് വെല്ലുവിളികളില്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ ചലഞ്ച് തീം രൂപകല്‍പ്പന ചെയ്യുന്നത്. റോബോട്ടിക്ക് യുഗത്തിലേക്കു വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ റോബോട്ടിക് ചലഞ്ച് ആയിരുന്നു ഈ വര്‍ഷത്തെ മത്സര ഇനം.

യുവ മനസ്സുകളില്‍ ആത്മവിശ്വാസം ഉണര്‍ത്താനും, കൂട്ടായ പങ്കാളിത്തത്തിലൂടെ അവരുടെ നൈപുണ്യം വര്‍ധിപ്പിക്കാനും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ റോബോട്ടിക്‌സുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതും മത്സരത്തിന്റെ ഭാഗമായിരുന്നു.

ലോകത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ പ്രമേയമാക്കി റോബോട്ടിനെ നിര്‍മ്മിക്കാനും, പ്രോഗ്രാം ചെയ്യാനും ഓരോ ടീമിനും അവസരമുണ്ട്. ഓരോ ടീമും മത്സരത്തിലെ ഓരോ റൗണ്ടിലും തങ്ങളുടെ ടീമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ റോബോട്ടിനെ മത്സരവേദിയിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യുന്നു.

അയര്‍ലണ്ടിലെ ഏറ്റവും പ്രഗത്ഭരായ യുവ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട ടീമില്‍ പങ്കെടുക്കുവാനും, തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷ മുണ്ടെന്ന് ജോയലും, അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേല്‍പ്പ് നല്‍കി.

Share this news

Leave a Reply