അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിൻ കോണലി ഇന്ന് സ്ഥാനമേൽക്കും

ഡബ്ലിന്‍ കാസിലില്‍ നടക്കുന്ന ചടങ്ങളില്‍ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിന്‍ കോണലി ഇന്ന് സ്ഥാനമേല്‍ക്കും. മുന്‍ സൈക്കോളജിസ്റ്റും, ബാരിസ്റ്ററുമായിരുന്ന കോണലി, സ്വതന്ത്രയായി മത്സരിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയത്.

ആളുകളെ കേള്‍ക്കുകയും, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും താനെന്ന് വിജയത്തിന് ശേഷം കോണലി പറഞ്ഞിരുന്നു. സമാധാനം, പക്ഷപാതമില്ലായ്മ, കാലവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് 14 വര്‍ഷത്തെ കാലയളവിന് ശേഷം ഇന്നലെ അര്‍ദ്ധരാത്രിയാണ് പടിയിറങ്ങിയത്. സാധാരണക്കാരടക്കം നിരവധി പേര്‍ ഹിഗ്ഗിന്‍സിനും, ഭാര്യ സബീനയ്ക്കും യാത്രയയപ്പ് നല്‍കാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇന്ന് കോണലി പദവി ഏറ്റെടുക്കുന്ന ചടങ്ങളില്‍ ഹിഗ്ഗിന്‍സ്, സബീന, സര്‍ക്കാരിലെ അംഗങ്ങള്‍, നീതിന്യായവ്യവസ്ഥയിലെ ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍, മുന്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, കോണലിയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളില്‍ വച്ചാണ് ചടങ്ങ്.

ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന ഹെതര്‍ ഹംഫ്രിസ്, ജിം ഗാവിന്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ’നീലും ചടങ്ങില്‍ സന്നിഹിതയാകും.

Share this news

Leave a Reply