ധനമന്ത്രി പാസ്‌കല്‍ ഡോണഹോ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന Dublin Central മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍, ക്രിമിനല്‍ മാഫിയാ തലവനായ ജെറി ‘ദി മങ്ക്’ ഹച്ച് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക ബാങ്കില്‍ ഉന്നതപദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് Fine Gael ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഡോണഹോ രാജിവച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 62-കാരനായ ഹച്ച്, 3,100 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നൂറുകണക്കിനോ, ആയിരക്കണക്കിനോ പുതിയ വോട്ടര്‍മാരെ, വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുകൊണ്ട്, സീറ്റ് പിടിക്കുക എന്ന തന്ത്രമാകും ഹച്ച് പയറ്റുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമൂഹത്തിലെ വിവിധ ആളുകളുമായി നല്ല ബന്ധമുണ്ടാക്കാനായി താന്‍ ഏതാനും നാളുകളായി ശ്രമിച്ചുവരികയായിരുന്നു എന്നും ഹച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അയര്‍ലണ്ടിലെ പല വമ്പന്‍ കൊള്ളകള്‍ക്കും പിന്നില്‍ ഹച്ചും സംഘവുമാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഇതിന് പുറമെ ഹച്ചും, എതിരാളികളായ കിനഹാന്‍ ഗ്യാങ്ങും തമ്മിലുള്ള പകയും കുപ്രസിദ്ധി നേടിയിട്ടുണ്ട്. കിനഹാന്‍ സംഘത്തിലെ ഡേവിഡ് ബൈറണ്‍ എന്ന 33-കാരനെ ഡബ്ലിന്‍ റീജന്‍സി ഹോട്ടലില്‍ വച്ച് വെടിവച്ചുകൊന്ന സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം കോടതി ജെറി ഹച്ചിനെ കുറ്റവിമുക്തനാക്കിയിരുന്നു. കൊലപാതകത്തിന് ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസെങ്കിലും ഇതില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ ഹച്ച് ശിക്ഷയില്‍ നിന്നും ഒഴിവാകുകയായിരുന്നു.






