ഉപയോഗിക്കാതെ കിടക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വഴി അയർലണ്ടുകാർ നഷ്ടപ്പെടുത്തുന്നത് 290 മില്യൺ യൂറോ!

സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന സബ്‌സ്‌ക്രിപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കുന്നതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും അയര്‍ലണ്ടുകാര്‍ക്ക് നഷ്ടമാകുന്നത് 290 മില്യണ്‍ യൂറോ എന്ന് കണ്ടെത്തല്‍. പേയ്‌മെന്റ് ആപ്പ് ആയ Revolut, രാജ്യത്തെ 1,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ നടത്തിയ പഠനത്തില്‍, 60% പേരും തങ്ങള്‍ ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യാതെ തന്നെ കിടക്കുകയാണെന്നാണ് പ്രതികരിച്ചത്.

സ്ട്രീമിങ് സര്‍വീസ്, ഫിറ്റ്‌നസ്, വെല്‍നസ്, ഗെയിമിങ് തുടങ്ങി വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ ഇതില്‍ പെടും. 23% പേര്‍ ഓരോ മാസവും 5 മുതല്‍ 10 യൂറോ വരെയാണ് ഇത്തരത്തില്‍ നഷ്ടപ്പെടുത്തുന്നത്. 5% പേര്‍ 20 യൂറോയിലധികവും മാസത്തില്‍ നഷ്ടപ്പെടുത്തുന്നു. ചെറിയ തുക ആയതിനാല്‍ മിക്കവരും ഇത് ശ്രദ്ധിക്കാതെ പോകുകയാണെങ്കിലും, വര്‍ഷത്തില്‍ കണക്കാക്കുമ്പോള്‍ വലിയൊരു തുക തന്നെയാണ് ഇങ്ങനെ നഷ്ടമാകുന്നത്.

കാര്യമായി ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ വഴി അയര്‍ലണ്ടിലെ ഓരോരുത്തരും വര്‍ഷം ശരാശരി 70.68 യൂറോ നഷ്ടപ്പെടുത്തുന്നു എന്നാണ് Revolut-ന്റെ കണ്ടെത്തല്‍. ജീവിതച്ചെലവ് കൂടുകയാണെങ്കിലും വെറും 30% പേര്‍ മാത്രമാണ് എല്ലാ മാസവും തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ പരിശോധിക്കാന്‍ മെനക്കെടാറുള്ളത്.

പിന്നീട് ഉപയോഗിക്കാം എന്ന് കരുതിയാണ് കൂടുതല്‍ പേരും ഇത് ക്യാന്‍സല്‍ ചെയ്യാതിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. മറന്നുപോകുന്നു എന്നതാണ് രണ്ടാമത്തെ പ്രധാന കാരണം.

താഴെ പറയുന്നവയുടെ സബ്‌സ്‌ക്രിപ്ഷനുകളാണ് കൂടുതല്‍ ആളുകളും ഇത്തരത്തില്‍ പാഴാക്കുന്നത്:

Apple
Spotify
Netflix
Amazon Prime
Disney Plus
Google Play
Google Storage
Vodafone
Amazon Video
FLYEfit

Share this news

Leave a Reply