അയർലണ്ടിലെ പുതിയ കുടിയേറ്റ നിയമങ്ങൾ പ്രഖ്യാപിച്ചു: പ്രവാസികളെ എങ്ങനെ ബാധിക്കും?

അയർലണ്ടിനായി പുതിയ കുടിയേറ്റ നിയമങ്ങൾ പ്രഖ്യാപിച്ച് നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ’കല്ലഗൻ. ബുധനാഴ്ച പ്രഖ്യാപിച്ച മാറ്റങ്ങൾ അഭയം, പൗരത്വം, കുടുംബ പുനരേകീകരണം (family reunification) എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ മാറ്റങ്ങൾ നിലവിലെ കുടിയേറ്റ സംവിധാനത്തെ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്ന് ഒ’കല്ലഗൻ പറഞ്ഞു.

മന്ത്രി പ്രഖ്യാപിച്ച മാറ്റങ്ങളിൽ പലതും നടപ്പിലാക്കുന്നതിന് നിയമനിർമ്മാണം ആവശ്യമായി വരും. ഇതിനായി ഒരു ബിൽ അണിയറയിൽ ഒരുങ്ങുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നിരുന്നാലും, കുടുംബ പുനരേകീകരണ സംവിധാനത്തിലെ മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും.

കുടുംബ പുനരേകീകരണം (family reunification)

പുതുക്കിയ കുടുംബ പുനരേകീകരണ നയപ്രകാരം, ഐറിഷ് പൗരന്മാർക്കും മിക്ക EEA (European Economic Area) ഇതര പൗരന്മാർക്കും (മിക്ക international protection ഗുണഭോക്താക്കളെയോ, EEA പൗരന്മാരെയോ ഉൾപ്പെടുത്തിയിട്ടില്ല) കുടുംബാംഗങ്ങളെ അയർലണ്ടിൽ തങ്ങളോടൊപ്പം താമസിക്കാൻ കൊണ്ടുവരാൻ എങ്ങനെ അപേക്ഷിക്കണം എന്ന് വ്യക്തമാക്കുന്നു.

ഐറിഷ് പൗരന്മാർക്കും, യോഗ്യരായ EEA ഇതര പൗരന്മാർക്കും അവരുടെ അടുത്ത EEA ഇതര കുടുംബാംഗങ്ങളെ (ഭാര്യ/ഭർത്താവ്, പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ) ഇപ്പോഴും അയർലണ്ടിലേയ്ക്ക് കൊണ്ടുവരാം. എന്നാൽ മറ്റ് കുടുംബാംഗങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ഈ നിയന്ത്രണങ്ങളിൽ ആദ്യമായി അപേക്ഷാ ഫീസ് ഏർപ്പെടുത്തുക, താമസ സൗകര്യവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ, ഒരു സ്പോൺസറുടെ വരുമാനം കണക്കാക്കിയുള്ള വരുമാന വിലയിരുത്തൽ (income assessment) എന്നിവ ഉൾപ്പെടുന്നു.

പുതിയ നിയമപ്രകാരം ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിലുള്ളവരുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും, 16-18 വയസ്സ് പ്രായമുള്ളവർക്ക് ജോലി ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്യും.

International protection ലഭിച്ചവർക്ക് കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടുവരണമെങ്കിൽ, അവരെ പിന്തുണയ്ക്കാൻ മതിയായ സൗകര്യം ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കൂ.

IPAS നിവാസികൾ

തൊഴിൽ മേഖലയിൽ international protection വഴി താമസ സൗകര്യം ലഭിച്ചവർ അവരുടെ വരുമാനത്തിന്റെ 39.6 ശതമാനം വരെ താമസ സൗകര്യത്തിനായി സംഭാവന നൽകേണ്ടതുണ്ട്.

ആഴ്ചയിൽ €97.01 നും €150 നും ഇടയിൽ വരുമാനം നേടുന്നവർക്ക് ആഴ്ചയിൽ €15 മുതലും, ആഴ്ചയിൽ €600 ൽ കൂടുതൽ വരുമാനം നേടുന്നവർ ആഴ്ചയിൽ €238 വരെയും ഇത്തരത്തിൽ നൽകേണ്ടി വരും.

12 മാസ കാലയളവിനുള്ളിൽ പദ്ധതി നടപ്പിലാക്കും.

അഭയാർത്ഥി പദവിയും പൗരത്വവും

ഒരു വ്യക്തി രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമാണെന്ന് കണ്ടെത്തിയാൽ, അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാൽ അഭയാർത്ഥി പദവി റദ്ദാക്കാൻ കൂടുതൽ അധികാരം നൽകുന്ന തരത്തിൽ നിയമ മാറ്റം ഉണ്ടാകും.

പൗരത്വ അപേക്ഷകർ “നല്ല സ്വഭാവം” എന്ന നിബന്ധന കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൗരത്വ മാനദണ്ഡങ്ങൾ കർശനമാക്കും.

പൗരത്വ അപേക്ഷകർ സ്വയംപര്യാപ്തരായിരിക്കണം, കൂടാതെ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പുള്ള രണ്ട് വർഷത്തിനുള്ളിൽ അപേക്ഷകർക്ക് ചില സാമൂഹിക സംരക്ഷണ പേയ്‌മെന്റുകൾ സ്വീകരിക്കാൻ ഇനി അനുവദിക്കില്ല.

കൂടാതെ, അന്താരാഷ്ട്ര സംരക്ഷണം ലഭിച്ചവർ പൗരത്വത്തിന് യോഗ്യത നേടണമെങ്കിൽ അഞ്ച് വർഷം (നേരത്തെ മൂന്ന് വർഷം ആയിരുന്നു) അയർലണ്ടിൽ താമസിച്ചിരിക്കണം.

വിമർശനങ്ങൾ

അതേസമയം ഈ മാറ്റങ്ങൾ പലതും അഭയാർത്ഥികൾക്കും, പൗരത്വ അപേക്ഷകർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Share this news

Leave a Reply