അയർലണ്ടിൽ ക്രിസ്മസ് റോഡ് സേഫ്റ്റി കാംപെയിനിന്‌ തുടക്കം; ജനുവരി 5 വരെ രാജ്യമെമ്പാടും ചെക്ക് പോയിന്റുകൾ, മദ്യപിക്കുന്നവർ ടാക്സി ഉപയോഗിക്കാൻ നിർദ്ദേശം

അയര്‍ലണ്ടില്‍ ക്രിസ്മസ് റോഡ് സേഫ്റ്റ് കാംപെയിനിന് തുടക്കം കുറിച്ച് ഗാര്‍ഡ. ഗാര്‍ഡയും, റോഡ് സേഫ്റ്റി അതോറിറ്റിയും (RSA) ചേര്‍ന്ന് നടത്തുന്ന കാംപെയിന്‍ ഈ ഡിസംബര്‍ മാസം മുഴുവനും, 2026 ജനുവരി 5 വരെയും തുടരും.

2025-ല്‍ ഇതുവരെ 166 പേരാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചത്.

ജനങ്ങളോട് സുരക്ഷിതരായി ഇരിക്കാനും, മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് ഒരിക്കലും വാഹനമോടിക്കരുതെന്നും കാംപെയിനിന്റെ ഭാഗമായി ഗാര്‍ഡയും RSA-യും അഭ്യര്‍ത്ഥിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍ കാലങ്ങളില്‍ പലരും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് വര്‍ദ്ധിക്കാറുണ്ടെന്നും, ഇത് അപകടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.

ഡിസംബര്‍ 1 ആയ ഇന്ന് രാവിലെ 7 മണി മുതല്‍ രാജ്യമെമ്പാടും ഗാര്‍ഡ വിവിധ പരിശോധനാ പോയിന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ ജനുവരി 5 വരെ തുടരും. ഡ്യൂട്ടിയിലുള്ള എല്ലാ ഗാര്‍ഡ ഉദ്യോഗസ്ഥരും റോഡില്‍ പരിശോധന നടത്തുകയും ചെയ്യും. ഇതില്‍ വാഹനമോടിക്കുന്നതിനിടെയുള്ള ലഹരി ഉപയോഗം, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, അമിതവേഗം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കല്‍ എന്നിവ കണ്ടെത്താനുള്ള നടപടികളെടുക്കും.

2025 നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 8,000 ഡ്രൈവര്‍മാരെയാണ് മദ്യം അടക്കമുള്ള ലഹരികള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടികൂടിയിട്ടുള്ളത്.

പാര്‍ട്ടികള്‍ക്കും, സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനും പോകുന്നവര്‍ ദയവായി സ്വന്തം കാര്‍ വീട്ടില്‍ വയ്ക്കുകയും, പകരം ടാക്‌സികള്‍, പൊതുഗതാഗതസൗകര്യം എന്നിവ ഉപയോഗപ്പെടുത്തണമെന്നും Assistant Commissioner Catharina Gunne പറഞ്ഞു.

Share this news

Leave a Reply