നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Derry-യില്‍ പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ Galliagh Park-ല്‍ വച്ച് ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ പുരുഷന്‍ വാഹനത്തില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ ചവിട്ടുകയായിരുന്നു. കൈ വാഹനത്തിന്റെ ഡോറില്‍ ചവിട്ടിപ്പിടിച്ചതോടെ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്ന് ഉദ്യോഗസ്ഥനെആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും, ഇദ്ദേഹത്തിന് തുടര്‍ന്ന് ഡ്യൂട്ടി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതായും പോലീസ് അറിയിച്ചു.
പോലീസിനെ ആക്രമിച്ചത് അടക്കം നിരവധി കേസുകള്‍ ചുമത്തപ്പെട്ട 31-കാരനായ പ്രതി നിലവില്‍ കസ്റ്റഡിയാണ്.
കഴിഞ്ഞ 12 മാസത്തിനിടെ 2,500-ലധികം ആക്രമണങ്ങളാണ് പോലീസിന് നേരെ ഉണ്ടായതെന്ന് പോലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ട് (PSNI) ഈയിടെ വെളിപ്പെടുത്തിയിരുന്നു.






