96 അധിക ബഡ്ഡുകൾ ലഭിച്ചിട്ടും രക്ഷയില്ല; University Hospital Limerick-ൽ കിടക്കാൻ ബെഡ്ഡ് ഇല്ലാതെ 103 രോഗികൾ

96 അധിക ബെഡ്ഡുകള്‍ അനുവദിച്ചിട്ടും University Hospital Limerick (UHL)-ലെ പ്രതിസന്ധിക്ക് പരിഹാരമില്ല. കഴിഞ്ഞ മാസമാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കിടക്കാന്‍ ബെഡ്ഡുകളില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 96 ബെഡ്ഡുകള്‍ കൂടി അനുവദിച്ചത്. എന്നാല്‍ ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന രോഗികള്‍ ഇപ്പോഴും ബെഡ്ഡില്ലാതെ ബുദ്ധിമുട്ടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇപ്പോഴും പല രോഗികളും ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ ചികിത്സ തേടുന്നതാണ് ഭീകരമായ കാഴ്ച. വരാന്തയുടെ ഇരുവശങ്ങളിലുമായി ഇത്തരത്തില്‍ രോഗികള്‍ ഇരിക്കേണ്ടിവരികയാണ്. ഇത് ഇതിലൂടെ നടക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 103 രോഗികളാണ് UHL-ല്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയത്. രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയതും UHL-ലാണെന്ന് INMO പറയുന്നു.

ഇതേ ദിവസം Sligo University Hospital, Mater Misericordiae University Hospital എന്നിവിടങ്ങളില്‍ 44 രോഗികള്‍ വീതം ട്രോളികളിലും മറ്റുമായി ചികിത്സ തേടി. University Hospital Galway (36), Cork University Hospital (34), Mercy University Hospital, Cork (34), St Vincent’s University Hospital (33) എന്നിവയാണ് പിന്നാലെ.

രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ജീവന് ഭീഷണിയുള്ള രോഗികള്‍ മാത്രമേ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ചികിത്സ തേടി വരാവൂ എന്ന് UHL ചൊവ്വാഴ്ച പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനിടെ ആശുപത്രിയിലെത്തിയ 350 രോഗികളില്‍ പകുതി പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Share this news

Leave a Reply