IRP കാർഡ് കാലാവധി തീർന്നാലും ക്രിസ്മസിന് നാട്ടിൽ പോകാം; ഇളവുകൾ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നിരവധി പ്രവാസികള്‍ സ്വന്തം നാട്ടിലേയ്ക്ക് പോകുന്ന സാഹചര്യം പരിഗണിച്ച്, IRP കാര്‍ഡില്‍ ഇളവുകള്‍ നല്‍കി ഐറിഷ് സര്‍ക്കാര്‍. അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ വിദേശ പൌരന്മാര്‍ക്ക് തങ്ങളുടെ Irish Residence Permit (IRP) കാര്‍ഡ് കാലാവധി തീര്‍ന്നാലും, ഇതേ കാര്‍ഡ് ഉപയോഗിച്ച് തന്നെ അയര്‍ലണ്ടിലേയ്ക്ക് തിരികെ പ്രവേശിക്കാമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. കാലാവധി തീരുന്നതിന് മുമ്പ് പുതിയ കാര്‍ഡിനായി അപേക്ഷിച്ചവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2025 ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 31 വരെ ഈ ഇളവ് ലഭ്യമാണ്.

തങ്ങള്‍ പുതിയ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട് എന്ന വ്യക്തമാക്കുന്ന രേഖയായി അപേക്ഷിച്ച തീയതി വ്യക്തമാക്കുന്ന അപ്ലിക്കേഷന്‍ റസീറ്റ്, OREG നമ്പര്‍ എന്നിവയും യാത്രാസമയം കൈയില്‍ കരുതണം.

പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കുന്നതിന് മുമ്പ് തന്നെ IRP കാര്‍ഡ് കാലാവധി തീര്‍ന്നിട്ടുണ്ടെങ്കില്‍ ഈ ഇളവ് ലഭ്യമല്ല.

സിംഗിള്‍ എന്‍ട്രി വിസ, prior landing stamp എന്നിവ ആവശ്യമുള്ള യാത്രക്കാര്‍ക്ക് തിരികെ അയര്‍ലണ്ടിലേയ്ക്ക് വരാന്‍ റീ-എന്‍ട്രി വിസ ആവശ്യമാണ്. വാലിഡ് ആയ മള്‍ട്ടി എന്‍ട്രി വിസ ഉള്ളവര്‍ക്ക് ഇത് ആവശ്യമില്ല എന്നും ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ മറ്റ് രേഖകളോടൊപ്പം ഇത് സംബന്ധിച്ച് ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ നോട്ടീസ് പ്രിന്റ് ചെയ്ത് യാത്രയില്‍ ഒപ്പം കരുതണമെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

നോട്ടീസ് ഡൗണ്‍ലോഡ് ചെയ്യാനായി: https://www.irishimmigration.ie/wp-content/uploads/2025/12/Downloadable-Letter-For-Persons-Who-Intend-to-Travel-To-be-printed-by-customers.pdf

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/isd-announces-initiative-to-facilitate-customers-travelling-at-christmas-2/

Share this news

Leave a Reply