അയര്‍ലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി Sinn Fein തുടരുന്നതായി സര്‍വേ ഫലം. The Sunday Independent/Ireland Thinks നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ 24% പേരുടെ പിന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് ഉള്ളത്. അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 5% പിന്തുണയാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
അതേസമയം ഭരണകക്ഷികളില്‍ ഒന്നായ Fine Gael-ന്റെ ജനപിന്തുണ നിലവില്‍ 17% ആണ്. 2016-ന് ശേഷം പാര്‍ട്ടിക്ക് ഇത്രയും പിന്തുണ കുറയുന്നത് ഇതാദ്യമായാണ്. മറ്റൊരു ഭരണകക്ഷിയായ Fianna Fail-നുള്ള പിന്തുണ 20% ആണെന്നും സര്‍വേ വ്യക്തമാക്കുന്നു.
രാഷ്ട്രീയ നേതാക്കളില്‍ ഉപപ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസിന് 34% പേരുടെ പിന്തുണയാണുള്ളത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 70% പേരും അദ്ദേഹത്തെ ഈയിടെ ധനകാര്യമന്ത്രിയായി തിരഞ്ഞെടുത്തത് ശരിയായില്ല എന്ന അഭിപ്രായമാണ് പങ്കുവച്ചത്. ധനമന്ത്രിയായിരുന്ന പാസകല്‍ ഡോണഹോ വേള്‍ഡ് ബാങ്കില്‍ ഉയര്‍ന്ന പദവി ഏറ്റെടുക്കാന്‍ രാജിവച്ച് പോയതോടെയാണ് ഹാരിസ് ഈ സ്ഥാനത്തേയ്ക്ക് എത്തിയത്.
പ്രതിപക്ഷ നേതാവ് കൂടിയായ Sinn Fein-ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡിന് 37% പേരുടെ പിന്തുണയാണ് ഉള്ളത്. പ്രധാനമന്ത്രിയും Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന് 36 ശതമാനവും. അതേസമയം രാജ്യത്ത് ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ Holly Cairns ആണെന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്. 40% പേരാണ് അവരെ പിന്തുണയ്ക്കുന്നത്. എന്നാല്‍ മുന്‍ സര്‍വേയെക്കാള്‍ 3% കുറവാണിത്.
മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം:
Social Democrats 8%
Aontú 5%
Labour Party 5%
Independent Ireland 5%
PBP-Solidarity 3%
Green Party 2%.
Independents and others 11%






