ഓർമ്മകളിലെ മണ്ഡലകാലം (ബിനു ഉപേന്ദ്രൻ)

മറ്റൊരു മണ്ഡലകാലം കൂടി പടിയിറങ്ങുകയാണ്. വാർത്തകളിലും ദൃശ്യങ്ങളിലും നിറയെ തിരക്കാണ്, ഭക്തിയുടെ പ്രവാഹമാണ്. പക്ഷേ, ഓരോ മകരവിളക്ക് കാലം കഴിയുമ്പോഴും എന്റെ മനസ്സ് 80-കളുടെ അവസാനത്തിലേക്കും 90-കളുടെ തുടക്കത്തിലേക്കും ഒരു തീർത്ഥയാത്ര പോകാറുണ്ട്.
ഇന്നത്തെപ്പോലെ സൗകര്യങ്ങളോ തിരക്കോ ഇല്ലാത്ത, എന്നാൽ ഭക്തി അതിന്റെ ഏറ്റവും നിഷ്കളങ്കവും ജൈവികവുമായ രൂപത്തിൽ അനുഭവിച്ചറിഞ്ഞ കാലം…
ഓർമ്മകളുടെ ഇരുമുടിക്കെട്ടഴിക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് പത്തനംതിട്ട കോന്നിയിലെ എന്റെ അമ്മവീടാണ്. അന്നൊക്കെ എന്റെ ശബരിമലയാത്രകളുടെ തുടക്കം അവിടെനിന്നായിരുന്നു. ശരിക്കും പറഞ്ഞാൽ ശബരിമലയിലേക്കുള്ള എന്റെ കവാടം തന്നെയായിരുന്നു കോന്നിയിലെ ആ വീട്…
അന്ന് എനിക്ക് അഞ്ചോ ആറോ വയസ്സ്. മഞ്ഞുവീഴുന്ന ഡിസംബർ പ്രഭാതങ്ങൾ.
അന്നത്തെ മണ്ഡലകാല വ്രതമെന്നു പറഞ്ഞാൽ അതൊരു ജീവിതശൈലി തന്നെയായിരുന്നു. പുലർച്ചെ ക്ഷേത്രത്തിൽ നിന്നുള്ള ലൗഡ്സ്പീക്കറിൽ എം.എസ്. സുബ്ബലക്ഷ്മിയുടെ ‘കൗസല്യ സുപ്രജാ രാമ…’ എന്ന സുപ്രഭാതം കേട്ടാണ് ഉണരുന്നത്. ആ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സ് പകുതി ശുദ്ധമാകും. പിന്നെ തൊടിയിലെ കിണറ്റിൽ നിന്നുള്ള തണുത്ത വെള്ളത്തിൽ രണ്ടുനേരത്തെ കുളി. കോടമഞ്ഞു പൊതിയുന്ന പ്രഭാതത്തിൽ, ഈറൻ തോർത്തും ഉടുത്ത് വിറച്ചുവിറച്ച് ക്ഷേത്രത്തിലേക്ക് ഒരു പോക്കുണ്ട്. അത് വല്ലാത്തൊരു ഫീലാണ്…
വീട്ടിലെ ഭക്ഷണത്തിനും അന്ന് വേറൊരു മണമായിരുന്നു. മീനും ഇറച്ചിയും പൂർണ്ണമായി ഒഴിവാക്കിയ, അമ്മയുണ്ടാക്കി തരുന്ന ശുദ്ധമായ ആഹാരം. കഞ്ഞിയും പയറും ഒക്കെയാണെങ്കിലും വ്രതശുദ്ധി കൊണ്ടാവാം, അതിനൊരു പ്രത്യേക രുചിയായിരുന്നു. വൈകുന്നേരങ്ങളിൽ സന്ധ്യാദീപം തെളിയിച്ച് നാമജപം. ‘രാമ രാമ പാഹിമാം…’ എന്ന കീർത്തനം വീടിന്റെ ഉമ്മറത്ത് നിന്ന് ഉയരുമ്പോൾ, അത് ആ ഗ്രാമത്തിന്റെ തന്നെ പ്രാർത്ഥനയായി മാറും. അന്നത്തെ ആ വ്രതശുദ്ധി ശരീരത്തിന് മാത്രമല്ല, മനസ്സിനും വല്ലാത്തൊരു തെളിച്ചം തന്നിരുന്നു. ഭക്തിയെന്നാൽ നിർബന്ധിച്ചുള്ള ഒന്നല്ല, മറിച്ച് ശ്വാസം പോലെ സ്വാഭാവികമായി നമ്മളിലേക്ക് ഒഴുകിയെത്തുന്ന ഒന്നായിരുന്നു അക്കാലം…
ശബരിമല യാത്രയെന്നാൽ എനിക്ക് എന്റെ മാമന്മാരാണ്. മാമ്മൻമാരുടെ കൈപിടിച്ചും തോളിലേറിയും മലകയറിയ ആ ബാല്യമാണ് എന്റെ ശബരിമല ഓർമ്മകളുടെ അസ്ഥിവാരം…മലകയറ്റത്തിന് മുൻപ് അമ്മവീട്ടിൽ നടക്കുന്ന ആ രാത്രി പ്രാർത്ഥന ഇന്നും കാതുകളിലുണ്ട്. കെട്ടുനിറയുടെ ദിവസം രാത്രി മുഴുവൻ നീളുന്ന ശരണം വിളികൾ. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് ശശി മാമനാണ്. ശശി മാമന്റെ കനത്ത ശബ്ദത്തിൽ “സ്വാമിയേ…” എന്ന് ഉയർന്നു കേൾക്കുമ്പോൾ, കൂടിയിരിക്കുന്നവർ ഒന്നടങ്കം “ശരണമയ്യപ്പാ…” എന്ന് ഏറ്റുവിളിക്കും. വീടിന്റെ ഓരോ കോണിലും ആ വിളികൾ മാറ്റൊലികൊള്ളും. ഉറക്കമൊഴിച്ച്, ഭക്തിയുടെ ലഹരിയിൽ മുങ്ങിനിൽക്കുന്ന വീട്. ഉറക്കം തൂങ്ങിയിരിക്കുന്ന എന്നെ സ്നേഹത്തോടെ ഉണർത്തിയിരുത്തുന്ന മുതിർന്നവർ. അതൊരു വല്ലാത്ത അന്തരീക്ഷമായിരുന്നു…
യാത്ര തുടങ്ങുന്ന ആ നിമിഷം ഇന്നും ഒരു ചിത്രം പോലെ മനസ്സിലുണ്ട്. മുറ്റത്ത് ഞങ്ങളെയും കാത്ത് കറുത്ത അംബാസിഡർ കാർ കിടപ്പുണ്ടാകും. എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞാൽ, ഞങ്ങളുടെ യാത്രയ്ക്ക് ‘നല്ല ശകുനമായി’ അമ്മ കത്തിച്ചുവെച്ച നിലവിളക്കുമായി പടിവാതിൽക്കൽ വന്നുനിൽക്കും. കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, മഞ്ഞുവീണ ഇരുട്ടിൽ അമ്മയുടെ കൈയിലെ ആ ദീപം തെളിഞ്ഞുനിൽക്കുന്നത് കാണാം. ആ വെളിച്ചം നൽകുന്ന ധൈര്യത്തിലാണ് ഞങ്ങൾ യാത്ര തുടങ്ങുക.
പുലർച്ചെ കോഴികൂവും മുൻപേ വണ്ടി നീങ്ങും. പമ്പയിലേക്കുള്ള യാത്ര ഇന്നത്തെപ്പോലെ അത്ര സുഗമമല്ല… വണ്ടി പമ്പയിലെത്തുമ്പോൾ തന്നെ മലയുടെ ഗാംഭീര്യം കൺമുന്നിലെത്തും. അന്ന് പമ്പയിൽ നിന്നു മലകയറ്റം തുടങ്ങുമ്പോൾ ഇന്നത്തെപ്പോലെ വിരിച്ച പാതകളോ സ്വാമി ഭക്തർക്കായി ഒരുക്കിയ വിശ്രമകേന്ദ്രങ്ങളോ അധികമില്ല. “കല്ലും മുള്ളും കാലിനു മെത്ത” എന്നത് അക്ഷരാർത്ഥത്തിൽ സത്യമായിരുന്ന കാലം…
എന്റെ കുഞ്ഞുകാലുകൾ തളരുമ്പോൾ ബാലൻ മാമൻ എന്നെ എടുത്തു തോളിലിരുത്തും. മാമന്റെ വിയർപ്പും ശരണം വിളികളുടെ താളവും ഒന്നുചേരുമ്പോൾ ആ യാത്രയ്ക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നിയിരുന്നു. കാടിന്റെ വന്യതയും ഭക്തിയുടെ നിശബ്ദതയും ഇടയ്ക്കിടെ ഉയരുന്ന ശരണം വിളികളും മാത്രം. അതൊരു കഠിനമായ യാത്രയായിരുന്നില്ല, മറിച്ച് പ്രകൃതിയോട് ചേർന്നുനിന്നുള്ള ഒരു ധ്യാനമായിരുന്നു.
ആളുകൾ തമ്മിലുള്ള സംസാരത്തിൽ പോലും ആ വിനയം ഉണ്ടായിരുന്നു. ‘സ്വാമി’ എന്ന വിളിയിൽ പരസ്പര ബഹുമാനവും സ്നേഹവും നിറഞ്ഞുനിന്നിരുന്നു. ജാതിയോ മതമോ സമ്പത്തോ ഒന്നുമില്ലാതെ എല്ലാവരും അയ്യപ്പന്മാർ മാത്രം.
ഏറ്റവും തെളിച്ചത്തോടെ മനസ്സിൽ നിൽക്കുന്നത് പമ്പയിലെ ആ കുളിയാണ്. മലകയറി ക്ഷീണിച്ചെത്തുമ്പോൾ പമ്പാ നദിയിലെ ആ കുളി… അസ്ഥി വരെ തുളച്ചുകയറുന്ന മരവിപ്പിക്കുന്ന തണുപ്പ്. മുങ്ങി നിവരുമ്പോൾ ശരീരത്തിലെ സകല ക്ഷീണവും ആ ഒഴുക്കിൽ ലയിച്ചുപോകുന്നതുപോലൊരു അനുഭവം. ആ തണുപ്പിന്റെ സുഖം ഇപ്പോഴും എനിക്ക് തൊട്ടറിയാം.
കുളി കഴിഞ്ഞ്, പമ്പാതീരത്തെ മണൽത്തിട്ടയിൽ കല്ലുകൂട്ടിവെച്ച് തീ കത്തിക്കും. വീട്ടിൽ നിന്നു കരുതിയ അരിയും സാധനങ്ങളും ഉപയോഗിച്ച് അവിടെ വെച്ചുണ്ടാക്കുന്ന ആഹാരം. ആ തണുപ്പത്ത്, പുകയുന്ന അടുപ്പിൽ നിന്നു കോരിയൊഴിക്കുന്ന ചൂട് കഞ്ഞി… അതിന് എന്ത് രുചിയായിരുന്നു! ലോകത്തിലെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തേക്കാളും സ്വാദുണ്ടായിരുന്നു പമ്പയുടെ കരയിലിരുന്ന് കഴിച്ച ആ കഞ്ഞിക്ക്. ആവി പറക്കുന്ന കഞ്ഞിയും, ചുട്ട പപ്പടവും, ചമ്മന്തിപ്പൊടിയും, മാങ്ങയച്ചാറും… വിശപ്പും ഭക്തിയും പ്രകൃതിയും ഒന്നിച്ചു ചേരുന്ന അപൂർവ്വ രുചിക്കൂട്ട്…
മാമന്മാരുടെ കൈപിടിച്ച് തുടങ്ങിയ ആ യാത്രയിൽ, പിന്നീട് ഇങ്ങോട്ട് ഓരോ ചുവടിലും എന്റെ കൂടെയുണ്ടായിരുന്നത് ചേട്ടനാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ ഏകദേശം മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ തവണ ഞാൻ മലചവിട്ടിയിട്ടുണ്ടാകും. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുന്നു, അതിൽ വെറും രണ്ട് തവണ മാത്രമാണ് ചേട്ടൻ കൂടെയില്ലാതെ ഞാൻ മലകയറിയിട്ടുള്ളത്. ബാക്കി എല്ലാ തവണയും ഇരുമുടിക്കെട്ടുമായി എന്റെ തൊട്ടു മുന്നിലോ പിന്നിലോ ചേട്ടൻ ഉണ്ടായിരുന്നു. ഇത്രയൊക്കെ മലകയറിയെങ്കിലും, അച്ഛനൊപ്പം ഒരിക്കൽ പോലും മലകയറാൻ എനിക്ക് യോഗമുണ്ടായില്ല. പലതവണ ഞങ്ങൾ അതിനായി ആഗ്രഹിച്ചതാണ്, ഒരുങ്ങാൻ തുടങ്ങിയതാണ്. പക്ഷേ വിധിയുടെ കണക്കുപുസ്തകത്തിൽ എന്തുകൊണ്ടോ ആ യാത്രയ്ക്ക് മാത്രം അനുവാദമുണ്ടായിരുന്നില്ല. ആ ആഗ്രഹം ബാക്കിയാക്കി അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഇപ്പോൾ എന്റെ ഓരോ ശരണം വിളിയിലും, ഓരോ ചുവടിലും അദൃശ്യമായൊരു സാന്നിധ്യമായി അച്ഛനും കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഓരോ മണ്ഡലകാലവും എനിക്ക് ആ പഴയ കാലത്തിലേക്കുള്ള മടക്കയാത്രയാണ്. നിഷ്കളങ്കമായ ഭക്തിയുടെ, മായം കലരാത്ത സ്നേഹത്തിന്റെ, പ്രകൃതിയോട് ഇഴുകിച്ചേർന്ന ജീവിതത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ. നാട്ടിൽ നിന്നും അയർലണ്ടിലേക്ക് എത്തുമ്പോൾ, ദൂരങ്ങൾക്കൊപ്പം ജീവിതരീതികളും മാറി. നാട്ടിലെപ്പോലെ ഭക്തിസാന്ദ്രമായ അന്തരീക്ഷമോ, സുപ്രഭാതം കേൾക്കുന്ന പ്രഭാതങ്ങളോ ഇവിടെയില്ല. പക്ഷേ, ഈ മഞ്ഞുവീഴുന്ന വിദേശമണ്ണിലും എന്റെ മണ്ഡലകാലം മുടങ്ങാതെ, ഇത്രയും ചിട്ടയോടെ മുന്നോട്ട് പോകുന്നത് ധന്യ കാരണമാണ്. പലപ്പോഴും എന്റെ വ്രതത്തേക്കാൾ കഠിനമാണ്, അത് മുടങ്ങാതെ നോക്കാനുള്ള ധന്യയുടെ പരിശ്രമം. അതുകൊണ്ടുതന്നെ എന്റെ വ്രതത്തിന്റെ പാതി പുണ്യം, അല്ലെങ്കിൽ അതിലേറെ, ധന്യയ്ക്ക് അവകാശപ്പെട്ടതാണ്…
സ്വാമിയേ ശരണമയ്യപ്പാ…
Share this news

Leave a Reply